Quantcast

'സി.എച്ച് മുഹമ്മദ് കോയയെ തടഞ്ഞ കെ. സുധാകരൻ, കടലിൽ ചാടിയ വിദ്യാർഥികളെ രക്ഷപ്പെടുത്തിയ പിണറായി'; രാഷ്ട്രീയ ജീവിതത്തിലെ ഓർമകൾ പങ്കുവെച്ച് എ.കെ ബാലൻ

''ഇപ്പോൾ ഞാനൊരു കുടിയിറക്കലിന്റെ വക്കിലാണ്. എകെജി ഫ്‌ളാറ്റിൽ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരും. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആവർത്തനമാണ്. കുട്ടിക്കാലത്ത് നാല് കുടിയിറക്കലിന് വിധേയമായതാണ് എന്റെ കുടുംബം. അതും കാർഷികബന്ധ നിയമവും ഭൂപരിഷ്‌കരണ നിയമവും പാസാക്കുന്ന ഘട്ടത്തിൽ. കുടികിടപ്പ് അവകാശം സ്ഥാപിക്കാൻ കഴിയാതിരുന്നത് കാഡർ സ്വഭാവമുള്ള ഒരു പാർട്ടി ആ ഘട്ടത്തിൽ നാട്ടിൽ ഇല്ലാതിരുന്നത് കൊണ്ടാണ്''

MediaOne Logo

Web Desk

  • Published:

    12 April 2025 9:07 PM IST

A.K. Balan shares memories of his political life
X

കോഴിക്കോട്: രാഷ്ട്രീയ ജീവിതത്തിലെ ഓർമകൾ ഫേസ്ബുക്കിൽ പങ്കുവെച്ച് സിപിഎം നേതാവ് എ.കെ ബാലൻ. പ്രായപരിധി കഴിഞ്ഞതിനാൽ പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവായ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങൾ ബാലൻ പങ്കുവെച്ചത്. 1978ൽ ആദ്യമായി ജലന്ധർ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതും ബംഗാളിലെയും പാർട്ടിയുടെ പ്രതാപം ക്ഷയിച്ചതും ബ്രണ്ണൻ കോളജ് കാലവുമെല്ലാം ബാലൻ പങ്കുവെക്കുന്നുണ്ട്.

ഓരോ പാർട്ടി കോൺഗ്രസും ഓരോ അനുഭവമായിരുന്നു. പ്രത്യേകിച്ച് ബംഗാൾ പ്രതിനിധികളെ കാണുന്നത് വല്ലാത്തൊരു ആവേശമായിരുന്നു. വെള്ള വസ്ത്രം ഭംഗിയായി ധരിച്ച് ആകർഷകമായിട്ടുള്ള അവരുടെ വരവ് കണ്ടാൽ കൊയ്ത്തു കഴിഞ്ഞ പാടത്തൂടെ താറാവുകൾ കുണുങ്ങിക്കുണുങ്ങി വരുന്നതു പോലെ തോന്നുമായിരുന്നു. അത് നല്ല കാഴ്ചയായിരുന്നു. പിന്നീട് രംഗം മാറി. പഴയതുപോലെ ഭംഗിയുള്ള വസ്ത്രങ്ങളോ ചൈതന്യം തുളുമ്പുന്ന മുഖങ്ങളോ കണ്ടില്ല. ഓരോ പാർട്ടി കോൺഗ്രസ് കഴിയുമ്പോഴും അവരുടെ പഴയ പൊലിമ കുറഞ്ഞു കുറഞ്ഞുവന്നു. എന്നാൽ കേരളത്തിലെ പ്രതിനിധികളിൽ ഈ മാറ്റം ഉണ്ടായിട്ടില്ലെന്നും ബാലൻ പറയുന്നു.

1968- 69 കാലം. തലശ്ശേരി കോടതി ഉപരോധിച്ച കെഎസ്എഫ് പ്രവർത്തകരെ പോലീസ് മൃഗീയമായി ലാത്തിച്ചാർജ് ചെയ്തു. ജീവരക്ഷാർത്ഥം കടലിലേക്ക് ചാടിയ വിദ്യാർഥികളെ പിണറായി കടലിൽ ഇറങ്ങി രക്ഷപ്പെടുത്തിയത്. ഇതിനുശേഷം തലശ്ശേരി സ്റ്റേഡിയം കോർണറിൽ നടത്തിയ പ്രതിഷേധയോഗം. അതിൽ പിണറായി പൊലീസിനെതിരെ നടത്തിയ അത്യുജ്ജ്വലമായ പ്രസംഗം.

ഇതേ കാലഘട്ടത്തിൽ തന്നെ (1967-69) ഇഎംഎസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ, ബ്രണ്ണൻ കോളേജിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വന്ന ഘട്ടത്തിൽ കെ. സുധാകരൻ കാട്ടിയ പ്രതിഷേധം. അതിൽ നിന്ന് സി.എച്ചിനെ സംരക്ഷിച്ചത്. പ്രതിഷേധം അവഗണിച്ച് സി.എച്ച് നടത്തിയ അതിമനോഹരമായ പ്രസംഗം. അതിൽ ആവേശം കൊണ്ട് 'സിഎച്ച്എം കോയാ സിന്ദാബാദ്' എന്ന് ഞാൻ വിളിച്ച മുദ്രാവാക്യം ആവേശം പൂണ്ട വിദ്യാർത്ഥികൾ ഏറ്റുവിളിച്ചത്. പ്രസംഗം കഴിഞ്ഞ് സി.എച്ച് എന്റെ അടുത്തുവന്ന് അഭിനന്ദിച്ചത്. ഇതിനു സാക്ഷിയായി നിന്ന എം.എൻ വിജയൻ മാഷിന്റെ മുഖഭാവം-ഇങ്ങനെ പോകുന്നു എ.കെ ബാലന്റെ ബ്രണ്ണൻ കോളജ് ഓർമകൾ..

ഇപ്പോൾ ഞാനൊരു കുടിയിറക്കലിന്റെ വക്കിലാണ്. എകെജി ഫ്‌ളാറ്റിൽ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരും. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആവർത്തനമാണ്. കുട്ടിക്കാലത്ത് നാല് കുടിയിറക്കലിന് വിധേയമായതാണ് എന്റെ കുടുംബം. അതും കാർഷികബന്ധ നിയമവും ഭൂപരിഷ്‌കരണ നിയമവും പാസാക്കുന്ന ഘട്ടത്തിൽ. കുടികിടപ്പ് അവകാശം സ്ഥാപിക്കാൻ കഴിയാതിരുന്നത് കാഡർ സ്വഭാവമുള്ള ഒരു പാർട്ടി ആ ഘട്ടത്തിൽ നാട്ടിൽ ഇല്ലാതിരുന്നത് കൊണ്ടാണ്. ജീവിതത്തിൽ പിന്നീട് നടന്ന കുടിയിറക്കലുകൾ മറ്റൊരു സ്വഭാവത്തിലുള്ളതാണ്. പഠിക്കുന്ന സമയത്ത് ബ്രണ്ണൻ കോളേജ് ഹോസ്റ്റൽ, പിന്നീട് കോഴിക്കോട് ലോ കോളേജ് ഹോസ്റ്റൽ. ഇതും എന്നെ സംബന്ധിച്ചിടത്തോളം ഫലത്തിൽ കുടിയിറക്കലിന് സമാനമായിരുന്നു. മറ്റു കുടിയിറക്കലുകൾ സമൂഹത്തിൽ നല്ലൊരു മേൽവിലാസം കിട്ടിയതിന്റെ ഭാഗമായിട്ടായിരുന്നു. ഡൽഹിയിലെ എംപി ഫ്‌ളാറ്റ്, തിരുവനന്തപുരം എംഎൽഎ ഹോസ്റ്റൽ, മന്ത്രിമന്ദിരങ്ങൾ. ഇതിൽ നിന്നും കുടിയിറങ്ങി. കണ്ണൂരിലെ അഴീക്കോടൻ മന്ദിരം, കോഴിക്കോട് സി.എച്ച് മന്ദിരം, പാലക്കാട് കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം ഇവിടങ്ങളിൽ നിന്ന് സ്വമേധയാ കുടിയിറങ്ങി. അവസാനം എകെജി ഫ്‌ളാറ്റിൽ നിന്നും കുടിയിറങ്ങാൻ പോകുന്നു. അടുത്ത കുടിയിരിപ്പ് എവിടെ? ഈ കുറിപ്പ് അവസാനിക്കുന്നില്ല. മറ്റൊരു രൂപത്തിൽ തുടരും...

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:


TAGS :

Next Story