ബാലറ്റിലെ പേര് മാറ്റണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായരുടെ അപേക്ഷ തള്ളി
തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ സാഹചര്യത്തിൽ ഇനി സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്

- Published:
4 April 2026 8:08 PM IST

കൊച്ചി: വോട്ടിങ് യന്ത്രത്തിൽ തന്റെ പേര് അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി നൽകിയ അപേക്ഷ വരണാധികാരി തള്ളി. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ സാഹചര്യത്തിൽ ഇനി സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.
എൻഡിഎ സ്ഥാനാർഥിയുടെ അപേക്ഷ പരിഗണിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അതിനെ തുടർന്ന് ഇന്ന് രാവിലെ 11ന് അഞ്ജലി നായർ വരണാധികാരിക്ക് മുന്നിൽ ഹാജരായിരുന്നു. ആവശ്യം വരണാധികാരി തള്ളിയതോടെ സ്ഥാനാർഥി പട്ടികയിലും വോട്ടിങ് യന്ത്രത്തിലും ഇവരുടെ പേര് ഇനി അഞ്ജലി പി.വി എന്നായിരിക്കും.
മാർച്ച് 28ന് നടന്ന കരട് ബാലറ്റ് പരിശോധനയിൽ സ്ഥാനാർഥിയോ പ്രതിനിധിയോ എതിർപ്പറിയിച്ചിട്ടില്ല. ഹോം വോട്ടിങ് ആരംഭിച്ചതിന്റെ പിറ്റേന്ന് മാർച്ച് 31ന് മാത്രമാണ് സ്ഥാനാർഥി പേര് മാറ്റാൻ രേഖാമൂലം അപേക്ഷ നൽകിയത്. വോട്ടിങ് പ്രക്രിയ ആരംഭിച്ചുകഴിഞ്ഞ പശ്ചാത്തലത്തിൽ ബാലറ്റിലെ പേര് മാറ്റുന്നത് പ്രായോഗികമല്ലെന്നും വരണാധികാരി വ്യക്തമാക്കി.
Adjust Story Font
16
