കെപിസിസി അധ്യക്ഷസ്ഥാന മാറ്റത്തെക്കുറിച്ച് ഒരറിവുമില്ലെന്ന് ആന്റോ ആന്റണി; സുധാകരനോട് മാറാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ. മുരളീധരൻ
കെ. സുധാകരന് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുള്ളതായി തോന്നിയിട്ടില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട യാതൊരു അറിവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ആന്റോ ആന്റണി എംപി. അധ്യക്ഷ സ്ഥാനത്തു തുടരുമെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരാമർശത്തെ കുറിച്ച് അറിയില്ലെന്നും തീരുമാനങ്ങളെല്ലാം ഹൈക്കമാൻഡ് ആണ് എടുക്കേണ്ടതെന്നും ആന്റോ ആന്റണി പറഞ്ഞു. അധ്യക്ഷനെ മാറ്റാൻ ഹൈക്കമാൻഡ് തത്വത്തിൽ തീരുമാനിച്ചെന്നും പുതുതായി പരിഗണിക്കുന്നവരിൽ ഒരാൾ ആന്റോ ആന്റണി ആണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.
'ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ല. ഇതിലൊക്കെ അന്തിമമായ തീരുമാനമെടുക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡാണ്. ഹൈക്കമാൻഡിൽ നിന്നുള്ള ഒരറിയിപ്പും തനിക്ക് ഇതുസംബന്ധിച്ച് കിട്ടിയിട്ടില്ല. അത് കിട്ടട്ടെ. നിലവിൽ ഇതുസംബന്ധിച്ച് താൻ 100 ശതമാനം അജ്ഞനാണ്. പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങളാണ്'- ആന്റോ ആന്റണി വിശദമാക്കി.
അതേസമയം, അധ്യക്ഷ പദവിയിൽ കെ. സുധാകരന് പിന്തുണയുമായി കെ. മുരളീധരൻ രംഗത്തെത്തി. അദ്ദേഹം മാറണമെന്ന് തങ്ങളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴൊരു മാറ്റം നല്ലതല്ലെന്നും മുരളീധരൻ പ്രതികരിച്ചു. എല്ലാത്തിന്റെയും അന്തിമ അധികാരം ഹൈക്കമാൻഡിനാണ്. ഹൈക്കമാൻഡിന് ഉചിതമായ ഏത് തീരുമാനമെടുക്കാനും അവകാശമുണ്ട്. ഇവിടെ ഇങ്ങനെയെപ്പോഴും ചർച്ച നടക്കുന്നത് പാർട്ടി പ്രവർത്തനങ്ങൾക്ക് ഗുണകരമല്ല. മാത്രമല്ല ഇതിലേക്കൊന്നും സമുദായങ്ങളെ വലിച്ചിഴയ്ക്കാനും പാടില്ല. കെ. സുധാകരന് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുള്ളതായി തോന്നിയിട്ടില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറില്ലെന്ന സൂചന നൽകി കെ. സുധാകരൻ രംഗത്തെത്തിയിരുന്നു. നേതൃത്വത്തിൽ നിന്ന് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും സുധാകരൻ മീഡിയവണിനോട് പറഞ്ഞു. സംഘടനാതലത്തിൽ കേരളത്തിൽ ശക്തമാണെന്നും നേതൃമാറ്റം ഉണ്ടാകുമെന്ന വാർത്തയ്ക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
'വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചും കോൺഗ്രസിനുള്ള പങ്കും വിജയസാധ്യതയെക്കുറിച്ചുമാണ് ഡൽഹിയിൽ ചർച്ച നടത്തിയത്. തന്നെ മാറ്റുമെന്ന് അറിയാതെ പോലും ആരുടെയും നാവിൽനിന്ന് വീണതായി ഞാൻ കേട്ടിട്ടില്ല. നേതൃസ്ഥാനത്ത് നിന്ന് മാറണമെന്ന് എന്നോട് പറഞ്ഞിട്ടില്ല. ജീവനുള്ള കാലത്തോളം വരെ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി എല്ലാം വിട്ടെറിഞ്ഞ് പ്രവർത്തിക്കും'- സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍, കെപിസിസിയിൽ നേതൃമാറ്റം ഉടൻ ഉണ്ടായേക്കുമെന്ന് പുറത്ത് വരുന്ന വിവരങ്ങള്‍.
Adjust Story Font
16

