'തവനൂരില്‍ സിപിഎം-ബിജെപി ഡീല്‍'; ആരോപണവുമായി എ.പി അനില്‍കുമാര്‍
'ഇടതുപക്ഷ പ്രവര്‍ത്തകര്‍തന്നെ ഡീലിനെതിരെ പ്രതികരിക്കും, നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല'

മലപ്പുറം: തവനൂരില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന ആരോപണവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍. ഇടതുപക്ഷ പ്രവര്‍ത്തകര്‍തന്നെ ഇതിനെതിരെ പ്രതികരിക്കുമെന്നും യുഡിഎഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
'തവനൂരില്‍ സിപിഎം-ബിജെപി ഡീലിന്റെ എല്ലാ സാധ്യതയുമുണ്ട്. ആ രീതിയില്‍ മുന്നോട്ട് പോയാലേ ജയിക്കൂ എന്ന തോന്നല്‍ സിപിഎമ്മിന് ഉണ്ടായിട്ടുണ്ട്. ഡീല്‍ പലയിടത്തും പ്രകടമായി കാണുന്ന സാഹചര്യമുണ്ട്. തവനൂരില്‍ ഏത് ഡീല്‍ നടന്നാലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരം ഡീലുകള്‍ക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികരിക്കും മുമ്പുതന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികരിക്കുമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. കാരണം, നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയില്ല' -എ.പി അനില്‍കുമാര്‍ പറഞ്ഞു.
തവനൂരില്‍ സിറ്റിങ് എം.എല്‍.എ ഡോ. കെ.ടി. ജലീലും യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വി.എസ്. ജോയിയും തമ്മിലാണ് പോരാട്ടം. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചിരുന്നു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് രവി തേലത്താണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി.
Adjust Story Font
16

