ഒടുവിൽ പിടിച്ചു; അർജുൻ ആയങ്കിയെ പൂട്ടി പൊലീസ്
പിടിയിലായത് കണ്ണൂരിൽ നിന്ന്

കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി പിടിയിൽ. കണ്ണൂര്‍ താളിക്കാവിലെ അപാർട്മെന്റിൽ സുഹൃത്തിന് ഒപ്പം കഴിയുന്നതിനിടയിലാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ സുഹൃത്തും കസ്റ്റഡിയിലായിട്ടുണ്ട്. പെലീസ് ഇയാളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാൾ പിടിയിലായത്. അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയും പൊലീസിൻ്റെ കരുതൽ തടങ്കലിലായിട്ടുണ്ട്. അർജുൻ ആയങ്കിയുടെ കേസ് നടത്തുന്നതിനായി പണം സ്വരൂപിക്കനായി ക്യൂ ആർ ക്വാഡ് നിർമിച്ച് നൽകിയത് അജയ് ആയങ്കിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ് പൊലീസാണ് അജയ് ആയങ്കിയെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തും അർജുൻ ആയങ്കിക്കായി വ്യാപകമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ച് വഴിതെറ്റിച്ചുമായിരുന്നു അർജുൻ ആയങ്കിയുടെ ഒളിവ് ജീവിതം. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെയും ആഭ്യന്തരമന്ത്രിയെയും സമൂഹ്യമാധ്യമ പോസ്റ്റുകളിലൂടെ വെല്ലുവിളിച്ച പശ്ചാത്തലത്തിലാണ് ആയങ്കിയെ പിടികൂടാനുള്ള പൊലീസ് ശ്രമം ഊർജിതമാക്കിയത്. പൊലീസിനെതിരെ ഭീഷണിപ്പെടുത്തിയതിൽ അർജുൻ ആയങ്കിക്ക് എതിരെ പൊലീസ് ഇന്നലെ പുതിയ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിൽ അപമാനിച്ചതിനാണ് കേസ്. ആലുവ റൂറൽ സൈബർ പൊലീസാണ് കേസ് എടുത്തത്.
ഒളിവിൽ കഴിഞ്ഞ സമയങ്ങളിലെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു ഇയാൾ. കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വേണമെന്നാവശ്യപ്പെട്ട് സ്റ്റോറി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ക്യൂആർ കോഡും ഇയാൾ പങ്കുവെച്ചിരുന്നു. 'കേസ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്ത് പിന്തുണയ്ക്കുക. സ്വർണക്കണടത്താണ്, കോടീശ്വരൻ ആണ് എന്നൊക്കെ ശത്രുക്കൾ വെറുതെ പറയുകയാണ്'- എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ ഇട്ട സ്റ്റോറി. 'നയാപ്പൈസയില്ല കൈയിലൊരു നയാപ്പൈസയില്ല' എന്ന പാട്ടും പോസ്റ്റിൽ ചേർത്തിട്ടുണ്ട്. അതേസമയം താൻ തൃശ്ശൂർ റൗണ്ടിൽ ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കുകയാണെന്ന് അർജുൻ ആയങ്കി വാർത്തകൾക്ക് കീഴെ കമന്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രിയും പൊലീസിനെ പരിഹസിച്ച് ആയങ്കി പോസ്റ്റിട്ടിരുന്നു. താൻ കടലിലകപ്പെട്ട ബോട്ടിലാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു സഹോദരിക്ക് ഭർത്താവിനെ തിരിച്ചുകിട്ടിയേനെ എന്നാണ് പരിഹാസം. മുമ്പ് പങ്കുവെച്ച പോസ്റ്റിനെ തുടർന്ന് തൃശൂരിൽ നടന്ന പൊലീസ് പരിശോധനയെ കളിയാക്കിയാണ് പുതിയ പോസ്റ്റ്. അര്‍ജുന്‍ ആയങ്കി തൃശൂര്‍ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അന്വേഷണം ഊർജിതമാക്കിയതിനൊടുവിൽ ഇയാൾ പിടിയിലാവുകയായിരുന്നു.
Adjust Story Font
16

