നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരള കോൺഗ്രസുകൾക്ക് നിർണായകം; ആത്മവിശ്വാസത്തില്‍ ജോസ് കെ മാണി- പി.ജെ ജോസഫ് വിഭാഗങ്ങള്‍
ചെയർമാൻ ജോസ് കെ മാണിയുടെ വിജയവും മാണി ഗ്രൂപ്പിന് അനിവാര്യമാണ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരള കോൺഗ്രസുകൾക്ക് നിർണായകം.12 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് എമ്മിന് ഏഴ് സീറ്റിൽ ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. പാലായില്‍ ചെയർമാൻ ജോസ് കെ മാണിയുടെ വിജയവും മാണി ഗ്രൂപ്പിന് അനിവാര്യമാണ്.
പാലായിൽ വീണ്ടുമൊരു തോൽവി സംഭവിച്ചാൽ അത് കേരള കോൺഗ്രസ് എമ്മിലെ ആഭ്യന്തര ബലാബലത്തിൽ നിർണായകമാകും. പാർട്ടി തീരുമാനിക്കുംമുമ്പേ പാലായിലെ സ്ഥാനാർഥി ജോസായിരിക്കും എന്ന് പ്രഖ്യാപിച്ച മന്ത്രി റോഷി അഗസ്റ്റിന്റെ നടപടി, ജോസിനെ സ്നേഹിക്കുന്നവർക്ക് അമർഷമുണ്ടാക്കിയിരുന്നു.
എട്ട് സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും ഏഴ് സീറ്റ് ലഭിക്കുമെന്ന ആത്മ വിശ്വാസത്താലാണ്. കൈവശമുള്ള രണ്ടിൽനിന്ന് എത്ര കൂടുതൽ വന്നാലും അവർക്ക് നേട്ടമാണ്. എന്നാൽ വിജയം തൊടുപുഴയും കടുത്തുരുത്തിയും മാത്രമായി പരിമിതപ്പെട്ടാൽ മുന്നണിയിലെ വിഹിതം കുറയും. പാർട്ടിയുടെ അമരത്തേക്ക് കടന്നുവരുന്ന അപു ജോൺ ജോസഫിനും ഫലം പ്രധാനമാണ്.
ഗണേഷ് കുമാറിൻ്റെ കേരള കോൺഗ്രസ് ബി ക്കും അനുപ് ജേക്കബിൻ്റെ കേരളാ കോൺഗ്രസിനും നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണിത്. പത്തനാപുരത്തും പിറവത്തും വിജയം ഇവർക്ക് അനിവാര്യമാണ്. പത്തനാപുരത്ത് ശക്തമായ മത്സരമാണ് ഗണേഷ് കുമാര്‍ നേരിട്ടത്. ജ്യോതികുമാര്‍ ചാമക്കാലയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.
അതേസമയം തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടാൽ പാർട്ടിക്കകത്ത് ആഭ്യന്തര കലഹങ്ങൾക്കും പുതിയ പിളർപ്പുകൾക്കും സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
Watch Video Report
Adjust Story Font
16

