നിയമസഭ തെരഞ്ഞെടുപ്പ്; വിധിയെഴുതാൻ ഇനി 10 നാൾ, പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ
സ്ഥാനാർഥിനിർണയം ആദ്യം തന്നെ പൂർത്തിയാക്കി എൽഡിഎഫ് കളത്തിൽ ഇറങ്ങി. സ്ഥാനാർത്ഥിനിർണയം വൈകിയെങ്കിലും എൽഡിഎഫിനൊപ്പം ഓടിയെത്താൻ യുഡിഎഫിന് കഴിഞ്ഞു. പൂട്ടിയ അക്കൗണ്ട് വീണ്ടും തുറക്കാനുള്ള തത്രപ്പാടിൽ പ്രധാനമന്ത്രിയെ അടക്കമാണ് ബിജെപി ഇറക്കിയത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതാന്‍ ഇനി പത്ത് നാള്‍ ബാക്കി നിൽക്കേ താര പ്രചാരകരെ ഇറക്കി മുന്നണികള്‍ കളം കൊഴിപ്പിച്ചു കഴിഞ്ഞു. ആരോപണ പ്രത്യാരോപണങ്ങളുമായി മുതിര്‍ന്ന നേതാക്കള്‍ കളം നിറഞ്ഞതോടെ പ്രചാരണത്തിന്റെ അവസാന ലാപ് ആവേശ കൊടുമുടിയിലായി.ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ അനുകൂലമാക്കാനുള്ള തന്ത്രങ്ങൾ രാഷ്ട്രീയപാർട്ടികൾ പയറ്റുന്ന ദിവസങ്ങൾ ആയിരിക്കും ഇനി.
പതിവിൽ നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത്. സ്ഥാനാർഥിനിർണയം ആദ്യം തന്നെ പൂർത്തിയാക്കി എൽഡിഎഫ് കളത്തിൽ ഇറങ്ങി. സ്ഥാനാർത്ഥിനിർണയം വൈകിയെങ്കിലും എൽഡിഎഫിനൊപ്പം ഓടിയെത്താൻ യുഡിഎഫിന് കഴിഞ്ഞു. പൂട്ടിയ അക്കൗണ്ട് വീണ്ടും തുറക്കാനുള്ള തത്രപ്പാടിൽ പ്രധാനമന്ത്രിയെ അടക്കമാണ് ബിജെപി ഇറക്കിയത്.
എൽഡിഎഫ് പ്രചരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രി തന്നെ.മറ്റു നേതാക്കളെല്ലാം പ്രചാരണത്തിനു ഉണ്ടെങ്കിലും പ്രചരണ അജണ്ട നിശ്ചയിക്കുന്നത് പിണറായി വിജയനാണ്. ബിജെപി ഡീൽ തൊട്ട് എസ്ഡിപിഐ ഡീൽ വരെ ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് രംഗത്ത് ചർച്ചയായി.രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളെ ഇറക്കിയാണ് യുഡിഎഫിന്റെ പ്രചാരണം. പ്രതിപക്ഷ നേതാവ് മിക്ക ജില്ലകളിലും എത്തി പ്രചരണങ്ങൾ വിലയിരുത്തുന്നുണ്ട്. കേരളത്തിലെത്തിയിട്ടും ശബരിമല സ്വർണകൊള്ളയിൽ പ്രധാനമന്ത്രി മൗനം പാലിച്ചുവെന്ന് കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സോഷ്യൽ എൻജിനീയറിങ് നടത്തി വോട്ടുകള്‍ തങ്ങൾക്ക് അനുകൂലമാക്കാനുള്ള അവസാനഘട്ട ശ്രമങ്ങൾ എൽഡിഎഫും യുഡിഎഫും വലിയ രീതിയിൽ നടത്തുന്നുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ കേരളത്തിൽ എത്തും. മൂന്നാം തിയതി കോട്ടയത്തും തിരുവനന്തപുരത്തും പ്രധാനമന്ത്രിയുടെ പ്രചരണ പരിപാടികൾ ഉണ്ട്. പരമാവധി വിഷയങ്ങളും എടുത്തു പുറത്തിട്ട് ഇനിയുള്ള 10 ദിവസം ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ വീഴ്ത്താനുള്ള സകല അടവുകളും രാഷ്ട്രീയപാർട്ടികൾ പയറ്റുന്ന ദിവസങ്ങളാണ് ഇനിയുള്ളത്.
Adjust Story Font
16

