കേരളത്തിൽ നിലംതൊടില്ലെന്ന് ബിജെപി വിലയിരുത്തൽ
തെരഞ്ഞെടുപ്പിന് മുമ്പ് വിജയസാധ്യത കൽപ്പിച്ചിരുന്ന മഞ്ചേശ്വരം, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിൽ പോലും ഇത്തവണ വിജയം ഉറപ്പിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് നേതൃത്വം

കൊച്ചി: വൻതോതിൽ ആളും അർഥവും ഒഴുക്കി പ്രചാരണം നടത്തിയിട്ടും ഇത്തവണയും കേരള നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് സാധിക്കില്ലെന്ന് പാർട്ടി കോർ കമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് മുമ്പ് വിജയസാധ്യത കൽപ്പിച്ചിരുന്ന മഞ്ചേശ്വരം, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിൽ പോലും ഇത്തവണ വിജയം ഉറപ്പിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് നേതൃത്വം. പുറമെ 11 സീറ്റുകളിൽ സാധ്യതയുണ്ടെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഉൾപ്പാർട്ടി ചർച്ചകളിൽ കടുത്ത ആശങ്കയാണ് ഉയരുന്നത്.
വോട്ട് ബാങ്കുകളിലെ മാറ്റമാണ് ബിജെപിയുടെ പ്രതീക്ഷകൾക്ക് പ്രധാനമായും തിരിച്ചടിയായത്. മുസ്‌ലിം വോട്ടുകൾ യുഡിഎഫിന് അനുകൂലമായി വലിയ തോതിൽ ഏകീകരിക്കപ്പെട്ടതും ക്രൈസ്തവ വോട്ടുകൾ പ്രതീക്ഷിച്ച രീതിയിൽ സമാഹരിക്കാൻ കഴിയാത്തതും തിരിച്ചടിയായതായി പാർട്ടി വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഈ ധ്രുവീകരണം ബിജെപിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്.
പാലക്കാട് മണ്ഡലത്തിലുണ്ടായ വിവാദങ്ങൾ സംസ്ഥാനത്തുടനീളം ബിജെപിക്ക് ദോഷകരമായി ബാധിച്ചുവെന്നും കോർ കമ്മിറ്റി നിരീക്ഷിച്ചു. ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ടിന് പണം നൽകുന്ന ദൃശ്യങ്ങൾ പ്രചരിച്ചതും, യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി കേന്ദ്രത്തിൽ വെച്ച് തടഞ്ഞതും വോട്ടർമാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഇത്തരം സംഭവങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ സാരമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ.
സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളും പാർട്ടിയെ വലയ്ക്കുന്നുണ്ട്. പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ സംസ്ഥാന നേതൃത്വത്തിന് നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. പ്രചാരണ ചുമതലയുള്ള നേതാക്കൾ നിശ്ചയിച്ച പല പരിപാടികളോടും അവർ സഹകരിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം. തെരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ട മൂന്നംഗ സമിതി ഈ മാസം 31നകം ജില്ലകളിലെ സിറ്റിങ് പൂർത്തിയാക്കി സംസ്ഥാന നേതൃത്വത്തിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
Adjust Story Font
16

