സ്ഥാനാർഥി പ്രഖ്യാപനം; സംസ്ഥാനത്തുടനീളം മുന്നണികളിൽ അസ്വാരസ്വങ്ങളും പൊട്ടിത്തെറികളും
തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥികളെ ചൊല്ലി ബിജെപിയിലും എൽഡിഎഫിലും തർക്കം തുടരുകയാണ്

തിരുവനന്തപുരം: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം മുന്നണികളിൽ അസ്വാരസ്വങ്ങളും പൊട്ടിത്തെറികളും. തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥികളെ ചൊല്ലി ബിജെപിയിലും എൽഡിഎഫിലും തർക്കം തുടരുകയാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് കോണ്‍ഗ്രസിലും, മുസ്‌ലിം ലീഗിലും നേതാക്കളുടെ രാജിപ്രഖ്യാപനവുമുണ്ടായി. മധ്യകേരളത്തിൽ വിവിധ ജില്ലകളിൽ സ്ഥാനാർഥി നിർണയം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടുദിവസത്തിനകം എല്ലാ സീറ്റുകളിലേക്കും മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
എറണാകുളത്ത് എൽഡിഎഫും എൻഡിഎയും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും ഒട്ടുമിക്ക സീറ്റുകളിലും പട്ടിക പുറത്തുവിട്ടു. കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്തിലേക്കുള്ള രണ്ടാംഘട്ട പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. കോട്ടയത്തും ജില്ലാ പഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. എൽഡിഎഫിൽ ജില്ലാ പഞ്ചായത്ത് അടക്കം സീറ്റ് വിഭജനം പൂർത്തിയായിട്ടുണ്ട്. അവസാനഘട്ട സ്ഥാനാർഥി പ്രഖ്യാപനം നാളെ നടത്തും. ഇടുക്കിയിൽ യുഡിഎഫിൽ ഘടകകക്ഷികൾ തമ്മിലുള്ള തർക്കം തുടരുകയാണ്. ചർച്ചക്കൊടുവിൽ നാളെ പ്രഖ്യാപനം ഉണ്ടായേക്കും. തൃശൂരിൽ കോൺഗ്രസിൽ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കൂടുതൽ അസംതൃപ്തർ രംഗത്ത് വന്നേക്കും. ആലപ്പുഴയിലും യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും.
അതേസമയം, തൃശൂർ കോൺഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ പാർട്ടിക്കെതിരെ രംഗത്തെത്തിയവരെ തള്ളി ഡിസിസി പ്രസിഡന്റ്. വിജയം മാനദണ്ഡമാക്കിയുള്ള സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചതെന്ന് ജോസഫ് ടാജറ്റ് മീഡിയ വണിനോട് പറഞ്ഞു. പാർട്ടി രീതികൾ പാലിച്ചാണ് സ്ഥാനാർഥികളെ നിർണയിച്ചത്. പിണക്കമുള്ളവരെ അനുനയിപ്പിച്ചു കൂടെ നിർത്തുമെന്നും ഡിസിസി പ്രസിഡന്റ് പ്രതികരിച്ചു.
കൊല്ലം കോർപ്പറേഷനിൽ പത്ത് ഡിവിഷനുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾക്കെതിരെ മത്സരിക്കാൻ ഐഎൻഎൽ. കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് പോലും പാർട്ടിക്ക് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. മുന്നണിയിലെ ചിലരുടെ വാശിയാണ് സീറ്റ് നിഷേധിക്കാൻ കാരണമെന്ന് ഐഎൻഎൽ ജില്ലാ നേതൃത്വം മീഡിയവണിനോട് പറഞ്ഞു. കോർപറേഷന് പുറമെ മറ്റ് തദേശ സ്ഥാപനങ്ങളിലും ഐഎൻഎൽ സ്ഥാനാർഥികളെ നിർത്തും.
Adjust Story Font
16

