ഫണ്ട് തിരിമറി വിവാദം: പയ്യന്നൂർ സംഘർഷത്തിൽ സിപിഎം, കോൺഗ്രസ്, ബിജെപി പ്രവർത്തകർക്കെതിരെ കേസ്
സംഘർഷത്തിൽ പരിക്കേറ്റ നാല് കോൺഗ്രസ് പ്രവർത്തകരും മൂന്ന് ബിജെപി പ്രവർത്തകരും ആശുപത്രിയിൽ ചികിത്സയിലാണ്.

കണ്ണൂർ: സിപിഎം രക്തസാക്ഷി ഫണ്ട് തിരിമറി വിവാദങ്ങളുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി. സന്തോഷ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും പയ്യന്നൂർ നഗരസഭാ ചെയർമാനുമായ അഡ്വ. സരീൻ ശശി ഉൾപ്പെടെ 40ലേറെ സിപിഎം പ്രവർത്തകർക്കെതിരെയും കോൺഗ്രസ്, ബിജെപി പ്രവർത്തകർക്കെതിരെയുമാണ് കേസ്.
ഫണ്ട് തിരിമറി സംബന്ധിച്ച സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നാലെ ടി.ഐ മധുസൂദനൻ എംഎൽഎയുടെ രാജിയാവശ്യപ്പെട്ട് ഇന്നലെ വൈകീട്ട് കോൺഗ്രസും ബിജെപിയും പ്രതിഷേധിച്ചിരുന്നു. എംഎൽഎ ഓഫീസിലേക്കുള്ള കോൺഗ്രസ് പ്രകടനം സഹകരണ ആശുപത്രിക്ക് സമീപത്തുവച്ച് പൊലീസ് വഴിതിരിച്ചുവിട്ടു. തുടർന്ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിനടുത്തെത്തിയ പ്രതിഷേധ മാർച്ചിന് നേരെ അതിക്രമം ഉണ്ടാവുകയായിരുന്നു.
പിന്നാലെ ബിജെപി പ്രകടനം നടക്കുമ്പോഴും സംഘർഷമുണ്ടായി. ഇതിലാണ് കേസ്. സംഘർഷത്തിൽ പരിക്കേറ്റ നാല് കോൺഗ്രസ് പ്രവർത്തകരും മൂന്ന് ബിജെപി പ്രവർത്തകരും ആശുപത്രിയിൽ ചികിത്സയിലാണ്.
നിയന്ത്രണം ലംഘിച്ച് പ്രകടനം നടത്തിയതിനാണ് കോൺഗ്രസ്, ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറയുന്നു. വലിയ സംഘർഷ സാധ്യതയാണ് മേഖലയിൽ നിലനിൽക്കുന്നത്.
അതേസമയം, പയ്യന്നൂരിൽ കണ്ടത് സിപിഎം ഗുണ്ടായിസമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായാണ് ആക്രമിച്ചത്. ഇത് സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും സതീശൻ പറഞ്ഞു. ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച പാർട്ടി നേതാവ് തന്നെ വധഭീഷണിയിലാണ്. ടി.പി ചന്ദ്രശേഖരന്റെ സ്ഥിതി വരും എന്ന ആശങ്കയിലാണ് അദ്ദേഹമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Adjust Story Font
16

