ലാൻഡിങ് പേജ് വഴിയുള്ള വ്യൂവർഷിപ്പ് ഇനി മുതൽ റേറ്റിങ്ങിൽ കണക്കാക്കില്ല; പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്രസർക്കാർ
സമഗ്രമായ മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന ടിവി റേറ്റിങ് നയം പുറത്തിറക്കി

ന്യൂഡൽഹി: ഇന്ത്യയിലെ ടെലിവിഷൻ റേറ്റിങ് നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന ടിവി റേറ്റിങ് നയം 2026 പുറത്തിറക്കി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം.
പുതിയ നയപ്രകാരം ലാൻഡിങ് പേജിൽ നിന്ന് ഉണ്ടാകുന്ന വ്യൂവർഷിപ്പ് റേറ്റിങ്ങിൽ കണക്കാക്കില്ല. ഇനി മുതൽ ലാൻഡിങ് പേജ് മാർക്കറ്റിംഗ് ടൂൾ മാത്രം. തീരുമാനം റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നത് തടയാനെന്ന് കേന്ദ്രം. റേറ്റിങ്ങിന്‍റെ വിശ്വാസ്യത കൂട്ടുന്നതിനായി വിവരങ്ങൾ ശേഖരിക്കുന്ന വീടുകളുടെ എണ്ണം (Sample Size) കൂട്ടും. കൃത്യത മെച്ചപ്പെടുത്തുന്നതിനും നീക്കം. റേറ്റിങ് ഏജൻസികൾ 80,000 വീടുകളിൽ കൂടി മീറ്ററുകൾ ഘടിപ്പിക്കണം. നിലവിലുള്ള ഏജൻസികൾ ആറുമാസത്തിനകം നടപടി പൂർത്തിയാക്കണം.
നിഷ്പക്ഷത ഉറപ്പാക്കാൻ, ഡയറക്ടർ ബോർഡിലെ കുറഞ്ഞത് 50 ശതമാനം പേരെങ്കിലും പ്രക്ഷേപകർ/പരസ്യദാതാക്കൾ/പരസ്യ ഏജൻസികൾ എന്നിവയുമായി ബന്ധമില്ലാത്ത സ്വതന്ത്ര ഡയറക്ടർമാരായിരിക്കണമെന്ന് നയം വ്യവസ്ഥ ചെയ്യുന്നു. ഏജൻസികൾ സ്വന്തം വെബ്‌സൈറ്റുകളിൽ അവരുടെ വിശദമായ വിവരവും ഡാറ്റയും പ്രസിദ്ധീകരിക്കേണ്ടതുണ്ട്. കാഴ്ചക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് എല്ലാ പ്രവർത്തനങ്ങളും ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) നിയമം, 2023 കർശനമായി പാലിക്കേണ്ടതുണ്ട്. ഓഡിറ്റ് ചെയ്യുന്നതിനായി ഇരട്ട ഓഡിറ്റ് സംവിധാനം നിർബന്ധമാക്കി. ആനുകാലിക ഫീൽഡ് പരിശോധനകൾക്കായി മന്ത്രാലയം ഒരു ഓഡിറ്റ് & മേൽനോട്ട സംഘം രൂപീകരിക്കും. ഏജൻസികൾ 10 ദിവസത്തിനുള്ളിൽ പരാതികൾ പരിഹരിക്കുന്നതിന് ഒരു നോഡൽ ഓഫീസറെ നിയമിക്കുകയും അതിന് മുകളിൽ ഒരു അപ്പലേറ്റ് അതോറിറ്റി സ്ഥാപിക്കുകയും വേണം.
കൃത്രിമം കാണിക്കുന്നവർക്ക് റേറ്റിങ്ങുകളുടെ താത്ക്കാലിക സസ്പെൻഷൻ മുതൽ രജിസ്ട്രേഷൻ റദ്ദാക്കൽ, പിഴ പോലുള്ള ശിക്ഷകൾ ലഭിക്കും.
Adjust Story Font
16

