ചെന്നിത്തലയ്ക്ക് ആഭ്യന്തരം ഉറപ്പ് നൽകി വി.ഡി.സതീശൻ; ഒരു മന്ത്രി സ്ഥാനം കൂടി വേണമെന്ന് ചെന്നിത്തല
ചെന്നിത്തലയെ ഉടൻ കെ.സി വേണുഗോപാൽ കാണും

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അനുനയനീക്കങ്ങളിൽ വഴങ്ങാതെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയിൽ സമവായമായില്ല. ആഭ്യന്തരവകുപ്പ് കൂടാതെ ഒരു മന്ത്രി സ്ഥാനം കൂടി വേണമെന്നതിൽ ഉറച്ചുനിൽക്കുകയാണ് രമേശ് ചെന്നിത്തല. ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകാമെന്ന് നിയുക്ത മുഖ്യമന്ത്രി ഉറപ്പ് നൽകിയതായാണ് വിവരം. അതേസമയം, രമേശ് ചെന്നിത്തലയെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അൽപ്പസമയത്തിനകം സന്ദർശിക്കും. ചെന്നിത്തലയുടെ ആവശ്യങ്ങളെ കുറിച്ച് ചർച്ച ചെയ്തേക്കും.
ആഭ്യന്തര വകുപ്പ് വേണമെന്നതിനോടൊപ്പം അൻവർ സാദത്തിനെക്കൂടി മന്ത്രിയാക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച നിലപാട് എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അൻവർ സാദത്തിനെ മന്ത്രിയാക്കിയില്ലെങ്കിൽ താൻ മന്ത്രിസഭയിലേക്കില്ലെന്ന് ആവർത്തിക്കുകയാണ് അദ്ദേഹം.
ഇന്നലെ കെ.സി വേണുഗോപാലും ദീപാ ദാസ്മുൻഷിയും വി.ഡി സതീശനും നടത്തിയ ചർച്ചയിൽ രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നൽകാൻ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉപാധി മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രി പദം നഷ്ടമായെങ്കിലും പുതിയ മന്ത്രിസഭയിൽ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് കെ.സി വേണുഗോപാൽ. തനിക്കൊപ്പമുള്ള എട്ടുപേരെയാണ് കെ.സി വേണുഗോപാൽ മന്ത്രിസഭയിലേക്ക് നിർദേശിച്ചിരിക്കുന്നത്.
എന്നാൽ ഇത്രയും പേരെ നിർദേശിക്കുന്നതിൽ വി.ഡി പക്ഷം കടുത്ത അതൃപ്തിയിലാണ്. സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദീഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനിൽകുമാർ എന്നിവർക്കൊപ്പം എൻ.ശക്തൻ, ഓ.ജെ ജനിഷ് എന്നിവരുടെ പേരുകളും കെ.സി പക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. കെ മുരളീധരൻ, ചാണ്ടി ഉമ്മൻ എന്നിവർ അടക്കം നാലുപേരെ വി.ഡി സതീശനും മന്ത്രിസഭയിലേക്ക് നിർദേശിച്ചിട്ടുണ്ട്. ഇതിൽ കെ.മുരളീധരനെ മന്ത്രിസ്ഥാനത്തേക്ക് ഉറപ്പായും പരിഗണിക്കും. ഇന്ന് വൈകിട്ടോടെ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ ആണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം.
Adjust Story Font
16

