Quantcast

'മക്കളുള്ള ആരെങ്കിലും ആ ദൃശ്യം കണ്ടാൽ സഹിക്കുമോ? പൊലീസ് കോടതിയിൽ പച്ചക്കള്ളം പറഞ്ഞു; ചില കാര്യങ്ങൾ മറക്കാനാകില്ല': മുഖ്യമന്ത്രി

മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് നടപടി ക്രമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

MediaOne Logo

Web Desk

  • Updated:

    2026-05-26 13:29:15.0

Published:

26 May 2026 6:22 PM IST

മക്കളുള്ള ആരെങ്കിലും ആ ദൃശ്യം കണ്ടാൽ സഹിക്കുമോ? പൊലീസ് കോടതിയിൽ പച്ചക്കള്ളം പറഞ്ഞു; ചില കാര്യങ്ങൾ മറക്കാനാകില്ല: മുഖ്യമന്ത്രി
X

ന്യൂഡൽഹി: മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് നടപടി ക്രമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മുനമ്പം രജിസ്റ്റർ ചെയ്യേണ്ടത് മുതവല്ലി. വഖഫ് ബോർഡിൻ്റെ നടപടി ദുരൂഹമെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ ഇറക്കി വിടില്ല. സർക്കാർ ഉറപ്പ് തരുന്നു. മുനമ്പത്ത് പ്രശ്നങ്ങൾ തീർത്തത് കോൺഗ്രസ്സും മുസ്ലിം ലീഗുമാണ്. രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാറിന്റെ ശ്രമം ഉണ്ടായി. അതിന് കുടപിടിക്കുന്ന നീക്കമാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും ഉണ്ടായതെന്നും സതീശന്‍ ആരോപിച്ചു.

കേരളത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. സ്വപ്ന പദ്ധതികൾക്ക് സഹായം വേണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. കേന്ദ്രവും ചിലകാര്യങ്ങൾ മുന്നോട്ട് വച്ചു. പ്രത്യേക പദ്ധതികൾക്കായി സഹായം അഭ്യർത്ഥിച്ചു. കടമെടുപ്പിൻ്റെ പരിധിയിൽ നിന്ന് ദേശീയ പാതാ വികസനത്തിനുള്ള തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ടു. കേന്ദ്ര വിഹിതം ലഭിക്കാത്തതിന്റെ തടസങ്ങൾ പരിശോധിക്കും. പരമാവധി തുക വാങ്ങിച്ചെടുത്തു മുന്നോട്ട് പോകും. പിഎം ശ്രീ പദ്ധതിയിൽ നിയമപരമായ ചർച്ച നടത്തിയ ശേഷം മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ധന വിലവർധന സംസ്ഥാനത്തെ രൂക്ഷമായി ബാധിക്കും. ഇത് വിലക്കയറ്റത്തിന് കാരണമാവും. ഇന്ധന സെസ്‌ കുറയ്ക്കുന്ന കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ല. നാല് തവണയാണ് കൂട്ടിയത്. എല്ലാ പ്രത്യാഘാതവും പരിശോധിച്ച ശേഷമേ തീരുമാനമെടുക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ എടുത്തത് പ്രതികാര നടപടിയല്ല. മുൻ സർക്കാർ യഥാർഥ റിപ്പോർട്ട്‌ അട്ടിമറിച്ചു. പ്രതികാര നടപടിയല്ല. സംഭവത്തിന്റെ വീഡിയോ ഇല്ലെന്നും അത്തരത്തിൽ മർദനം നടന്നിട്ടില്ലെന്നുമുള്ള പച്ചക്കള്ളം പൊലീസ് കോടതിയിൽ പറഞ്ഞു. എന്നാൽ, ഇരകളായവർ അതിന്റെ വീഡിയോ കോടതിയിൽ ഹാജരാക്കി. ഇന്നും ചാനലുകളിൽ ആ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു. കേരളത്തിൽ ആരെങ്കിലും ആ ദൃശ്യം കണ്ടാൽ സഹിക്കുമോ? മക്കളുള്ള ആരെങ്കിലും കണ്ടാൽ അത് സഹിക്കുമോ? ഞാൻ അതാണ് പറഞ്ഞത്, ചില കാര്യങ്ങൾ മറക്കാനാകില്ല. ക്രൂരമായ മർദ്ദനമായിരുന്നു അതെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


TAGS :

Next Story