ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ജനങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞ വിശ്വാസത്തിലാണ്: മുഖ്യമന്ത്രി
ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

- Updated:
2026-03-30 17:29:25.0

തിരുവനന്തപുരം: പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ജനങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്ത ചിലർ, സത്യങ്ങളെ മറച്ചുവെക്കാനും നുണകൾക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്. എന്നാൽ, ഈ മണ്ണിനൊരു പ്രത്യേകതയുണ്ട്: ഇവിടെയാർക്കും സത്യം മൂടിവെക്കാൻ കഴിയില്ല. ഇവിടെ ജനങ്ങൾ നിശബ്ദരായിരിക്കില്ല. അതുകൊണ്ടാണ് നുണകളുടെ ഘോഷയാത്രകൾക്കെതിരെ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമായി ഉയരുന്നത്. അത് രാഷ്ട്രീയ മറുപടി മാത്രമല്ല, ഒരു സമൂഹത്തിന്റെയാകെ ജാഗ്രതയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നു ഞാൻ അഭിസംബോധന ചെയ്യുന്നത് രണ്ടു കരുത്തുകളെയാണ്. ഒന്ന്, ലോകത്തിന്റെ നാനാഭാഗങ്ങളിലിരുന്ന് കേരളത്തിന്റെ നാളെയെക്കുറിച്ച് ചിന്തിക്കുന്ന നമ്മുടെ സഹയാത്രികർ. ദൂരങ്ങൾ നിങ്ങളെ അകറ്റിയിട്ടില്ല, അവ നിങ്ങളെ കൂടുതൽ ബന്ധിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ ഓരോ വാക്കും ഓരോ ഇടപെടലും ഈ മണ്ണിന്റെ തന്നെ സ്പന്ദനമാണ്.
രണ്ട്, ഈ നാട്ടിൽ തന്നെയുള്ള, സ്വന്തം ജീവിതത്തിന്റെ തിരക്കുകളും ഉത്തരവാദിത്തങ്ങളും മാറ്റിവെച്ച് ഇടതുപക്ഷത്തിന്റെ വിജയത്തിനായി വീഥികളിലും വീടുകളിലും ജനങ്ങളുടെ ഇടയിലും സമൂഹമാധ്യമങ്ങളിലും അഹോരാത്രം ഇടപെടുന്ന സഖാക്കൾ. നിങ്ങളാണ് ഈ പ്രസ്ഥാനത്തിന്റെ ജീവൻ. നിങ്ങളുടെ ചുവടുകളാണ് ഈ യാത്രയുടെ ദിശ. നിങ്ങളുടെ ആത്മാർത്ഥതയാണ് ഈ പോരാട്ടത്തിന്റെ അടിസ്ഥാനം. നുണകൾ അതിവേഗത്തിൽ പടരുന്ന കാലമാണിത്. പക്ഷേ സത്യത്തിന് ചിറകുനൽകുന്നത് നിങ്ങളെ പോലുള്ളവരാണ്. അതുകൊണ്ടാണ് കെട്ടുകഥകൾക്ക് ആയുസ്സ് കുറയുന്നത്, അതുകൊണ്ടാണ് ഇരുട്ടിനെ ഭേദിച്ചുകൊണ്ട് വെളിച്ചമെത്തുന്നത്.
നമ്മൾ ചെയ്യേണ്ടത് വ്യക്തമാണ്. മിണ്ടാതിരിക്കരുത്. അസത്യങ്ങളെ ചോദ്യം ചെയ്യുക. സത്യത്തെ ആത്മവിശ്വാസത്തോടെ ഉറക്കെയുറക്കെ പറയുക. ഇതു വെറും കക്ഷിരാഷ്ട്രീയ പോരാട്ടമല്ല. ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ നിലപാടാണ്. എവിടെയായാലും, ഏത് സാഹചര്യത്തിലായാലും ഈ പ്രസ്ഥാനത്തിനു കാവലായി നിൽക്കുന്ന സഖാക്കൾക്കും അനുഭാവികൾക്കും സഹയാത്രികർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും. ഐക്യമാണ് നമ്മുടെ കരുത്ത്. സത്യമാണ് നമ്മുടെ ശബ്ദം. ജനങ്ങളുടെ വഴിയാണ് നമ്മുടെ വഴിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16
