ഓണാഘോഷത്തിന് യു.പ്രതിഭ എംഎൽഎയെ ക്ഷണിച്ചു; ആലപ്പുഴ യൂത്ത് കോൺഗ്രസിൽ വാക്‌പോര്
ബ്ലോക്ക് കമ്മറ്റി പിരിച്ചുവിടണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു

ആലപ്പുഴ: ഓണാഘോഷത്തിൽ സിപിഎം എംഎൽഎ യു പ്രതിഭയെ പങ്കെടുപ്പിച്ചതിനെ ചൊല്ലി കായംകുളത്ത് യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ഓദ്യോഗിക വാട്സപ്പ് ഗ്രൂപ്പിലാണ് ചേരിതിരിഞ്ഞ് പ്രവർത്തകരുടെ വാക്ക് പോര്. യൂത്ത്കോൺഗ്രസ് കായംകുളം ബ്ലോക്ക് കമ്മറ്റി പിരിച്ചുവിടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയിലാണ് സിപിഐഎം എംഎൽഎ യു പ്രതിഭ പങ്കെടുത്തത്. കായംകുളം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ എത്തിയ എംഎൽഎയെ യൂത്ത് പ്രവർത്തകർ പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രതിഭക്കെതിരെ മത്സരിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷയുടെ നേതൃത്വത്തിലായിരുന്നു ക്ഷണം. ഇത് സമൂഹമാധ്യമങ്ങളിൽ കത്തിപടർന്നതോടെയാണ് യൂത്ത് കോൺഗ്രസിൽ തർക്കം ഉടലെടുത്ത്.
സിപിഐഎമ്മും കോൺഗ്രസും തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ എംഎൽഎ യു.പ്രതിഭയെ പരിപാടിയിൽ പങ്കെടുപ്പിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇതോടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രവർത്തകരും നേതാക്കളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യമടക്കം ഗ്രൂപ്പിൽ ഉയർന്നു. കമ്മറ്റി പിരിച്ചുവിടാൻ ശ്രമിക്കുന്നത് പ്രവർത്തകരുടെ കേസിനെ കുറിച്ച് പോലും തിരക്കാത്തവരാണ് എന്ന വിമർശനം മറുവിഭാഗവും ഉയർത്തി. അതേസമയം തർക്കം പരിഹരിക്കാൻ മുതിർന്ന നേതാക്കൾ ഇടപെട്ടെന്നാണ് സൂചന.
Adjust Story Font
16

