Quantcast

'വ്യാജവീഡിയോ നിർമാണം മാധ്യമപ്രവർത്തനത്തിന്‍റെ ഭാഗമല്ല'; ഏഷ്യാനെറ്റിനെതിരെ മുഖ്യമന്ത്രി

'കുറ്റകൃത്യത്തെ മാധ്യമ സ്വാതന്ത്യത്തിന്റെ പേരുപറഞ്ഞ് പ്രതിപക്ഷം ന്യായീകരിക്കുന്നു'

MediaOne Logo

Web Desk

  • Updated:

    2023-03-06 08:37:45.0

Published:

6 March 2023 5:25 AM GMT

വ്യാജവീഡിയോ നിർമാണം മാധ്യമപ്രവർത്തനത്തിന്‍റെ ഭാഗമല്ല; ഏഷ്യാനെറ്റിനെതിരെ മുഖ്യമന്ത്രി
X

തിരുവനന്തപുരം: വ്യാജവീഡിയോ നിർമാണം മാധ്യമപ്രവർത്തനത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമണത്തെക്കുറിച്ച് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തെറ്റായി ചിത്രീകരിച്ചിട്ട് മാധ്യമപ്രവർത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് ശരിയല്ല. ഏതെങ്കിലും തരത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കിടുന്ന ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ബി.ബി.സി റെയ്ഡുമായി ഇതിന് താരതമ്യം ഇല്ല. ബി.ബി.സി ചെയ്തത് വർഗീയ കലാപത്തിലെ ഭരണാധികാരിയുടെ പങ്ക് തുറന്ന് കാണിക്കുകയാണ്. വ്യാജ വീഡിയോ സർക്കാരിന് എതിരായ വാർത്തയല്ല.' പരാതി വന്നാൽ മാധ്യമമാണെന്ന് പറഞ്ഞ് പൊലീസ് പരാതി കീറി കളയുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

'മാധ്യമപ്രവർത്തകരിൽ മഹാഭൂരിഭാഗം ഇത്തരം ദുഷിപ്പുകൾ മാധ്യമപ്രവർത്തന രംഗത്ത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അത് അഭിമാനകരമാണ്. കുറ്റകൃത്യം ചെയ്താൽ മാധ്യമ പ്രവർത്തകരായാൽ നടപടി വേണ്ടെന്നല്ല നിയമം പറയുന്നത്. മാധ്യമ പ്രവർത്തകരും ജനങ്ങളും എന്ന വേർതിരിവില്ല. ഈശ്വരൻ തെറ്റ് ചെയ്താലും താൻ റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. പെൺകുട്ടികളെ ഉപയോഗിച്ച് വ്യാജ വാർത്ത സൃഷ്ടിക്കുമെന്ന് സ്വപ്നത്തിൽ പോലും സ്വദേശാഭിമാനി പോലും കരുതിയിട്ടുണ്ടാവില്ല.' വ്യാജ വാർത്ത നിർമിക്കുന്നവർക്ക് ആ പേര് ഉച്ചരിക്കാൻ പോലും അർഹതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'മാധ്യമ സ്വാതന്ത്ര്യം എന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്ര്യം അല്ല. എതിരഭിപ്രായം രേഖപ്പെടുത്തുന്ന മാധ്യമങ്ങൾക്കെതിരെ ആക്രമം നടത്തുന്ന ഞങ്ങളുടെ രീതിയല്ല. പരാതി നൽകിയ ചാനലിന്റെ വീഡിയോ കണ്ടാൽ അക്രമം നടന്നിട്ടില്ലെന്ന് വ്യക്തമാവാം. എന്നും മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയിട്ടുള്ളവരാണ് ഞങ്ങൾ'. ഇനിയും പോരാടുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'കുറ്റകൃത്യത്തെ മാധ്യമ സ്വാതന്ത്രത്തിന്റെ പേര് പറഞ്ഞു പ്രതിപക്ഷം ന്യായീകരിക്കുകയാണ്. കുറ്റകൃത്യം നടന്നാൽ നിയമം അതിൻറെ വഴിക്ക് പോകും. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ പ്രതിപക്ഷം എവിടെയോ ഇരട്ടത്താപ്പ് കാണിക്കുന്നു.പൊലീസ് നോട്ടീസ് കൊടുക്കുന്നതിന് മുമ്പ് ആരോഗ്യ പ്രശ്നങ്ങൾ പരിഗണിക്കാറില്ല.പ്രതിപക്ഷത്തിന് എൽഡിഎഫ് സർക്കാരിനെ ആക്ഷേപിക്കാൻ ഒരു അവസരം വേണം. മുഖ്യമന്ത്രി എന്ന നിലക്ക് എന്നെ ഭള്ളുപറയാൻ ഒരു അവസരം വേണം. മയക്കുമരുന്നിന് എതിരെ നാടാകെ പ്രചാരണം നടത്തുന്നു. എല്ലാ മാധ്യമങ്ങളും മയക്കുമരുന്നിനെതിരെ പ്രചാരണം നടത്തിയിട്ടുണ്ട്. അവരാരും വ്യാജ വീഡിയോ നിർമിച്ചിട്ടില്ല. ഒരാൾക്കും പ്രത്യേക അനുകൂല്യമോ പരിരക്ഷയും നൽകില്ല.' വ്യാജ നിർമ്മിതികളെ തടയാൻ നിയമങ്ങളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


TAGS :

Next Story