കേരളത്തെ തഴഞ്ഞു; ബജറ്റിലെ കേന്ദ്ര അവഗണനക്കെതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി ഒരു രാജ്യത്തിനും അഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കാനാവില്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു

COURTESY : Sabha TV
തിരുവനന്തപുരം: സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിനെതിരായ കേന്ദ്ര സമീപനം അടിയന്തരമായി തിരുത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് നിയമസഭ പ്രമേയം പാസാക്കിയത്.
കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞതിലും കേരളത്തോട് നിരന്തരം കാട്ടുന്ന അവഗണനയിലും ആശങ്ക അറിയിച്ചാണ് ചട്ടം 118 പ്രകാരം നിയമസഭയിൽ മുഖ്യമന്ത്രി പ്രത്യേക പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി ഒരു രാജ്യത്തിനും അഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കാനാവില്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ബജറ്റ് കഴിഞ്ഞ കാലത്തേതിനെക്കാൾ ഫെഡറലിസത്തെ അട്ടിമറിക്കുന്നതാണെന്നും പ്രമേയം വിമർശിച്ചു.
രണ്ടു പതിറ്റാണ്ടായുള്ള കേരളത്തിന്റെ ആവശ്യമായ എയിംസ് അനുവദിക്കണമെന്ന് സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്രവിഹിതത്തിൽ ഉണ്ടായ വെട്ടിക്കുറവ് സംസ്ഥാന ധനസ്ഥിതിയെ ബാധിക്കുന്നതാണ്. അതിവേഗ റെയിൽ എന്ന ആവശ്യവും വിഴിഞ്ഞം തുറമുഖത്തിനായുള്ള വി ജി എഫിലെ വിവേചനവും പ്രമേയം ചൂണ്ടിക്കട്ടുന്നു.
പ്രകൃതി ദുരന്തത്തിൽ മാനുഷിക പരിഗണന പോലും കാണിച്ചില്ലെന്നാണ് പ്രമേയം വിമർശിക്കുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് നടത്താൻ വിദേശ വിമാന കമ്പനികൾക്ക് പോയിന്റ് ഓഫ് കോൾ അനുമതി നൽകാത്തതിലും വായ്പ പരിധിയും കേന്ദ്ര വിഹിതവും അകാരണമായി വെട്ടിക്കുറക്കുന്നതിലും കേന്ദ്രവിഷ്കൃത പദ്ധതികളിൽ വിവേചനം കാണിക്കുന്നതിലുമുള്ള പ്രതിഷേധവും പ്രമേയത്തിലൂടെ അറിയിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാസാക്കിയത്.
Adjust Story Font
16

