നോയിഡ തൊഴിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയ സിഐടിയു ഭാരവാഹികളെ കാണാതായതായി പരാതി
സിപിഎം പ്രതിനിധി സംഘത്തെ കാണാൻ ജില്ലാ കലക്ടർ ഇതുവരെ തയാറായില്ല

ന്യൂഡൽഹി: നോയിഡ തൊഴിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയ സിഐടിയു ഭാരവാഹികളെ കാണാതായതായി പരാതി. ജില്ലാ കലക്ടറുടെ ഓഫീസിനു മുന്നിൽ വെച്ചാണ് സിഐടിയു ഭാരവാഹികളെ കാണാതായിരിക്കുന്നത്. സംഭവത്തിൽ കലക്ടറുടെ വസതിക്കു മുന്നിൽ സിപിഎമ്മിൻ്റെ പ്രതിഷേധം. പ്രവർത്തകരെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് സിപിഎം ആരോപിക്കുന്നത്.
അതേസമയം, ജില്ലാ കലക്ടർ ഇതുവരെ സിപിഎം പ്രതിനിധി സംഘത്തെ കാണാൻ തയാറായില്ല. തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയ സിപിഎം നേതാക്കളെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞിരുന്നു. ജനറൽ സെക്രട്ടറി എം.എ ബേബി അടക്കമുള്ളവരെയാണ് തടഞ്ഞത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പൊലീസ് സന്ദർശിക്കാൻ അനുമതി നൽകുകയായിരുന്നു. സംഘത്തെ പൊലീസ് ഗൗതം ബുദ്ധ് നഗറിലെ ക്യാമ്പിലെത്തിച്ചു. ജില്ലാ കലക്ടറെ കാണുന്നതിനായി പൊലീസ് ക്യാമ്പിലേക്കാണ് എത്തിച്ചത്. തൊഴിലാളി സമരത്തെത്തുടര്‍ന്ന് അറസ്റ്റിലായവരെയും അവരുടെ കുടുംബാംഗങ്ങളേയും സന്ദര്‍ശിക്കാനും സ്ഥലത്തെ ജില്ലാ കലക്ടറുമായി വിഷയത്തെക്കുറിച്ച് സംസാരിക്കാനുമാണ് സംഘം നോയിഡയിലെത്തിയത്.
പോളിറ്റ്ബ്യൂറോ അംഗങ്ങളായ അമ്രാറാം, ആർ.അരുൺകുമാർ, എംപിമാരായ എ.എ റഹീം, വി.ശിവദാസൻ എന്നിവരും എം.എ ബേബിക്കൊപ്പം ഉണ്ടായിരുന്നു.
കൂലി വർധനയും നിയമപരമായ ആനുകൂല്യങ്ങളും ആവശ്യപ്പെട്ടായിരുന്നു നോയിഡയിലെ തൊഴിലാളികൾ പ്രതിഷേധിച്ചത്. 10 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യുന്നവർക്ക് മാസം 14,000 രൂപ വരെയായിരുന്നു പരമാവധി വേതനം ലഭിച്ചിരുന്നത്. കയറ്റുമതി തടസം നേരിട്ടതോടെ ഓവർടൈം ഇല്ലാതാക്കി, ഒപ്പം കൂലി പിടിച്ചുവെക്കാനും തുടങ്ങി. പാചകവാതക ക്ഷാമവും കൂടി നേരിട്ടതോടെ തൊഴിലാളികളുടെ ജീവിതം ദുസ്സഹമായി. ഇതോടെയാണ് ഏപ്രിൽ 13ന് നോയിഡയിലെ 80ൽ അധികം സ്ഥലങ്ങളിലായി 45,000ൽ അധികം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
Adjust Story Font
16

