Quantcast

ഞാൻ തൊഴിലിടത്തിലെ ലൈംഗികാതിക്രമത്തെ അതിജീവിച്ച സ്ത്രീ; സഹതാപമല്ല, ഐക്യദാര്‍ഢ്യം അഭ്യര്‍ഥിക്കുന്നു: പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതിക്കാരി

അതിക്രമം തെറ്റിദ്ധാരണയുടെ ഭാഗമല്ലെന്നും സ്വന്തം സ്ഥാപനത്തിന്‍റെ അധികാരപരമായ നേട്ടം എന്താണെന്ന് അറിയാവുന്ന ഒരാൾ ബോധപൂർവം ചെയ്ത പ്രവൃത്തിയെന്നും പരാതിക്കാരി വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2026-02-13 06:54:13.0

Published:

13 Feb 2026 12:16 PM IST

ഞാൻ തൊഴിലിടത്തിലെ ലൈംഗികാതിക്രമത്തെ അതിജീവിച്ച സ്ത്രീ; സഹതാപമല്ല, ഐക്യദാര്‍ഢ്യം അഭ്യര്‍ഥിക്കുന്നു: പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതിക്കാരി
X

കോഴിക്കോട്: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുക്കുന്നതിലുണ്ടായ വീഴ്ചകള്‍ തുറന്നുപറഞ്ഞ് പരാതിക്കാരി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷവും എഫ്‌ഐആര്‍ ഇടുന്നതില്‍ വീഴ്ചയുണ്ടായെന്നും മനപൂര്‍വമാണ് കുഞ്ഞുമുഹമ്മദ് അതിക്രമം നടത്തിയതെന്നും മനോരമ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പരാതിക്കാരി പറഞ്ഞു.

അഭിമുഖത്തിന്‍റെ പൂര്‍ണരൂപം

'ഞാൻ തൊഴിലിടത്തിലെ ലൈംഗികാതിക്രമത്തെ അതിജീവിച്ച ഒരു സ്ത്രീ.

നിഗൂഢമായ ഇടവഴിയിലോ ഇരുണ്ടതും ഒറ്റപ്പെട്ടതുമായ സ്ഥലത്തോ അല്ല, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, പുരോഗമന മൂല്യങ്ങള്‍ അവകാശപ്പെടുന്ന സാംസ്‌കാരിക സ്ഥാപനമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിര്‍വഹിക്കുമ്പോഴാണു ഞാന്‍ അപമാനിക്കപ്പെട്ടത്.

2025ലെ കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) സിലക്ഷന്‍ കമ്മിറ്റി അധ്യക്ഷനും മലയാളസിനിമയിലെ അറിയപ്പെടുന്ന നിര്‍മാതാവും സംവിധായകനും കൈരളി ടിവി മുന്‍ ഡയറക്ടറും ഗുരുവായൂര്‍ മുന്‍ എംഎല്‍എ യുമായ പി.ടി.കുഞ്ഞുമുഹമ്മദ് ആണ് എനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

അതിക്രമം ഒരുവിധ തെറ്റിദ്ധാരണയുടെയും ഭാഗമല്ല; ഒറ്റപ്പെട്ട പെരുമാറ്റദൂഷ്യവുമല്ല. സ്വന്തം സ്ഥാനത്തിന്റെ അധികാരപരമായ നേട്ടം എന്താണെന്ന് അറിയുന്ന ഒരാള്‍ ബോധപൂര്‍വം ചെയ്ത പ്രവൃത്തിയാണ്.

'ഇര', 'അതിജീവിത' എന്നീ പദങ്ങള്‍ എനിക്കുനേരെ ഉപയോഗിക്കുമ്പോള്‍ വ്യക്തി എന്ന എന്റെ ഏറ്റവും അടിസ്ഥാന അവകാശം പോലും മായ്ച്ചുകളയാന്‍ സമൂഹം ശ്രമിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു. സംരക്ഷണത്തിന്റേയോ സുരക്ഷയുടേയോ പേരില്‍ ഒരു സ്ത്രീയും നിശബ്ധയാക്കപ്പെടാന്‍ പാടില്ലെന്നു ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

മുപ്പതാമത് ഐഎഫ്എഫ്കെയുടെ 'മലയാളം സിനിമ ഇന്ന്' വിഭാഗത്തില്‍ സിലക്ഷന്‍ കമ്മിറ്റി അംഗമാകാന്‍ ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ക്ഷണം ലഭിച്ച വ്യക്തിയാണ് ഞാന്‍. എന്റെ അനുഭവപരിചയവും വൈദഗ്ധ്യവും പരിഗണിച്ചായിരുന്നു ക്ഷണം. മൂന്നു ദശാബ്ദങ്ങളായി ഡോക്യുമെന്റ്‌ററിയും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്യുകയും ടെലിവിഷന്‍ പരിപാടികള്‍ നിര്‍മിക്കുകയും ഫീച്ചര്‍ സിനിമകളില്‍ സഹകരിക്കുകയും സിനിമയ്ക്കും ടെലിവിഷനും ഏര്‍പ്പെടുത്തിയിട്ടുള്ള കേന്ദ്ര- സംസ്ഥാന അവാര്‍ഡുകള്‍, രാജ്യാന്തര സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ നേടുകയും ചലച്ചിത്ര അധ്യാപികയായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച രാജ്യാന്തര ഡോക്യുമെന്റ്‌ററി- ഹ്രസ്വചലച്ചിത്ര മേള യില്‍ (ഐഡിഎസ്എഫ്എഫ്കെ) സിലക്ഷന്‍ കമ്മിറ്റിയെ നയിക്കുകയും റിസര്‍ച് ഫെലോഷിപ് ജൂറിയില്‍ അംഗമാകുകയും ചെയ്തിട്ടുണ്ട്.

ഏറ്റവുമൊടുവില്‍ എന്റെ വിദ്യാര്‍ഥികള്‍ തിരക്കഥ എഴുതി ഞാന്‍ സംവിധാനം ചെയ്ത 'പലമ' സിനിമയുടെ നിര്‍മാണത്തിന് ഒപ്പംനിന്നത് പൂര്‍വവിദ്യാര്‍ഥിയും സംവിധായകനുമായ ജിയോ ബേബിയും കൂട്ടുകാരുമാണ്.

എന്റെ പങ്കാളിയോടും മകളോടും സഹോദരങ്ങളോടുമൊക്കെ സംഭവം പങ്കുവയ്ക്കാന്‍ എനിക്കു സമയം വേണ്ടിവന്നു.'പരാതി കൊടുക്കുന്നില്ലേ?' എന്നായിരുന്നു മകളുടെ ആദ്യചോദ്യം. ഈ അനുഭവം പരാതിയില്‍ ഒതുങ്ങുമോ എന്ന ചോദ്യം എന്റെ ഉള്ളില്‍ ആകാംക്ഷ വര്‍ധിപ്പിച്ചു.

നിരാശാവലയത്തില്‍ അകപ്പെട്ടെങ്കിലും ഞാന്‍ ഉത്തരവാദിത്തബോധത്തോടെ നവംബര്‍ 24ന് മുഖ്യമന്ത്രിക്കു സംഭവം വിവരിച്ചുകൊണ്ട് രഹസ്യകത്ത് എഴുതി. നാലു ദിവസത്തിനകം രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. എഫ്‌ഐആര്‍ ഉടന്‍ ഫയല്‍ ചെയ്യുമെന്ന് അറിയിച്ചു.

ഇതിനിടെ അക്കാദമി ഭാരവാഹികള്‍ ഫോണിലൂടെ ദുഃഖവും ഐക്യദാര്‍ഢ്യവും അറിയിച്ചു. പ്രതിയെ ഐഎഫ്എഫ്‌കെയില്‍നിന്ന് അകറ്റിനിര്‍ത്തും, വിവര പുസ്തകത്തില്‍ പേര് ഉള്‍പ്പെടുത്തില്ല, ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്രമത്തിനെതിരെ 'സീറോ ടോളറന്‍സ്' പ്രഖ്യാപിക്കും എന്നിങ്ങനെ വാഗ്ദാനങ്ങള്‍ ഏറെയായിരുന്നു.

വിചിത്രമെന്നു പറയട്ടെ, ഡിസംബര്‍ 8ന് ചാനലുകളില്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതിനിടയില്‍ തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ ഐഎഫ്എഫ്‌കെയും നടന്നു. എന്റെ ശബ്ദം ഉയരാതിരിക്കാനാണോ നീക്കങ്ങള്‍ വേഗത്തിലായതെന്നു ചോദിക്കാതെവയ്യ.

സംഭവത്തിന് ശേഷം ചിലര്‍ നിശബ്ദതയെ സുരക്ഷയായി നിര്‍വചിക്കാന്‍ ശ്രമിച്ചു. ഉപദേ ശിച്ചു:'നിന്റെ നന്മയ്ക്കായി മിണ്ടാതിരിക്കുക', 'കാര്യങ്ങള്‍ സങ്കീര്‍ണമാക്കരുത്', 'സംരക്ഷണം ലഭിക്കും'. പക്ഷേ, മിണ്ടാതിരിക്കുക എന്നത് എന്റെ അന്തസ്സിനുമേല്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമമായി എനിക്കു തോന്നി.

2017 ഫെബ്രുവരി 17ന് സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടതിനുശേഷം ഞാനുള്‍പ്പെടുന്ന 'ഡബ്ല്യുസിസി' എന്ന സിനിമയിലെ സ്ത്രീകൂട്ടായ്മ ശബ്ദമുയര്‍ത്തിയ ഒന്‍പത് വര്‍ഷങ്ങള്‍ക്കി പ്പുറം, തൊഴില്‍സ്ഥലത്തു ഞാന്‍ അപമാനിക്കപ്പെട്ടിരിക്കുന്നു. താരതമ്യേന ഭേദപ്പെട്ട സാഹചര്യങ്ങളുള്ള എന്നെപ്പോലൊ രാള്‍ക്ക് ഇപ്പോഴും ഇതാണ് അവസ്ഥയെങ്കില്‍ മറ്റു സ്ത്രീകളുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതത്തില്‍ എന്തൊക്കെ അതിക്രമങ്ങളാകും നടക്കുന്നത്? എന്തുകൊണ്ടാണ് നീതി ഇന്നും ഇത്ര ദുരെയായിരിക്കുന്നത്? പാര്‍വതി തിരുവോത്തിനെയും പത്മപ്രിയയെയും റിമ കല്ലിങ്കലിനെയും അവരുടെയത്ര പ്രശസ്തരല്ലാത്ത ഒട്ടേറെ സ്ത്രീ സിനിമാപ്രവര്‍ത്തകരെയും മാറ്റിനിര്‍ത്താനും പാഠം പഠിപ്പിക്കാനും നിരന്തരമായ ചങ്കുറ്റം ആണധികാരത്തിന് എവിടെനിന്നു കിട്ടുന്നു?

ഈ സമൂഹത്തിന്റെ ഭാഷ എത്ര വേഗത്തിലാണു മാറുന്നത്! 'അതിക്രമം' 'വിവാദം' ആകുന്നു. 'പരാതി' 'ഒത്തുതീര്‍പ്പ്' ആകുന്നു. 'അതിജീവിത' 'സാഹചര്യം' ആകുന്നു. ഇത്തരം മായ്ച്ചുകളയലിനു ഞാന്‍ തയാറല്ല.

അതിക്രമം റിപ്പോര്‍ട്ട് ചെയ്തില്ലായിരുന്നെങ്കില്‍ കുറ്റവാളി അടുത്ത ഔദ്യോഗിക കര്‍ത്തവ്യം ഏറ്റെടുക്കാന്‍ ഭയപ്പെടുമായിരുന്നോ? ഈ സംഭവം അയാളെ ഊണിലും ഉറക്കത്തിലും പി ന്തുടരുമായിരുന്നോ?

എളുപ്പമായതുകൊണ്ടല്ല ഞാന്‍ സംസാരിക്കുന്നത്. നിശ്ശബ്ദത എന്റെമേല്‍ അടിച്ചേല്‍പിക്കപ്പെട്ട രണ്ടാമത്തെ അതിക്രമമാണെന്നു തിരിച്ച റിഞ്ഞതുകൊണ്ടാണ്.

ഒരു സ്ഥാപനവും വ്യക്തമായി പറയാത്ത ഒരു കാര്യം ഞാന്‍ പറയട്ടെ: നിങ്ങള്‍ നിശ്ശബ്ദത പാലിക്കാന്‍ കടപ്പെട്ടവരല്ല.

തെളിവുകള്‍ സമര്‍പ്പിക്കേണ്ടത് എന്റെ ജോ ലി അല്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരി ക്കാനുള്ള മുന്‍കരുതല്‍ എടുക്കാനും ഉണ്ടാ യാല്‍ നിയമപ്രകാരം പരിഹരിക്കാനുമുള്ള ബാധ്യത അധികാരികളുടേതാണ്. തൊഴിലിടത്തിലെ ലൈംഗികാതിക്രമത്തിനെതിരായ നിയമം പറയുന്നത് തടയല്‍, നിരോധിക്കല്‍, പരിഹരിക്കല്‍ എന്നാണ്. ആദ്യത്തെ രണ്ടിനും കഴിയാത്ത വ്യവസ്ഥിതിക്ക് പരിഹാരം നല്‍കാനും കഴിയില്ല.

'ഇനി എന്തു ചെയ്യണം?' എന്നു ചോദിക്കുന്ന അധികൃതര്‍ക്കുള്ള എന്റെ മറുപടി ലളിതം: നിങ്ങളുടെ ജോലി ചെയ്യുക. വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന കേസുകളില്‍ മാത്രമല്ല; നിങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഓരോ സ്ത്രീക്കുംവേണ്ടി.

ഒത്തുതീര്‍പ്പിനായി സമീപിച്ചവരോടു പറയട്ടെ: ദയവായി ആ അപമാനത്തില്‍നിന്ന് എന്നെ ഒഴിവാക്കുക.

കേരള സമൂഹത്തോട്: ഞാന്‍ സഹതാപമല്ല, ഐക്യദാര്‍ഢ്യം അഭ്യര്‍ഥിക്കുന്നു. അതിജീവിച്ചവര്‍ പരിപൂര്‍ണരായിരിക്കണമെന്നില്ല. വിധികള്‍ക്കായി കാത്തുനില്‍ക്കാത്ത, ധാര്‍മിക വ്യക്തതയുള്ള ഐക്യദാര്‍ഢ്യം വേണം. ഒരു സ്ത്രീ പരസ്യമായി സംസാരിക്കുന്നത് രഹസ്യവാതിലുകള്‍ എല്ലാം അടഞ്ഞതിനു ശേഷമാണെന്നു മനസ്സിലാക്കിക്കൊണ്ടുള്ള ഐക്യദാര്‍ഢ്യം.

സ്ഥാപനങ്ങളോടും സംസ്ഥാനത്തോടും എനിക്ക് ചോദ്യങ്ങളുണ്ട്: നിങ്ങള്‍ ഈ സംഭവം എങ്ങനെ അനുവദിച്ചു? നിയമം ആവശ്യപ്പെട്ടിട്ടും തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമം എന്തുകൊണ്ടു തടഞ്ഞില്ല? കുറ്റാരോപിതരെ അധികാരസ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിക്കുമ്പോള്‍ അതിജീവിച്ചവരോട് ഒതുങ്ങിക്കൂടാന്‍ പറയുന്നത് എന്തുകൊണ്ട്? പരസ്യമായ സാക്ഷ്യപ്പെടുത്തലുകള്‍ ഭീഷണിയായി കാണുന്നത് എന്തുകൊണ്ട്?

സംരക്ഷണം എന്നത് സ്ത്രീകളെ നിശ്ശബ്ദരാ ക്കുകയല്ല. സംരക്ഷണം എന്നത് ലൈംഗികാതിക്രമം തടയാനും നിരോധിക്കാനും പരിഹരിക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കലാണ്. സംരക്ഷണം എന്നത് കുറ്റാരോപിതരെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തുന്നതാണ്. സംരക്ഷണം എന്നത് പ്രതിരോധ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതാണ്.

ചരിത്രത്തില്‍നിന്നു മായ്ക്കപ്പെടാന്‍ ഞാന്‍ തയാറല്ല. നിശ്ശബ്ദത ഒരിക്കലും പുരുഷാധിപ ത്യത്തെ തകര്‍ത്തിട്ടില്ല. ധൈര്യവും ധാര്‍മികവ്യക്തതയും മാത്രമാണു മാറ്റങ്ങള്‍ സൃഷ്ടിച്ചത്.

എന്റെ ശബ്ദം നാളെ മറ്റൊരു സ്ത്രീക്കു സംസാരിക്കാനുള്ള ഭയം കുറച്ചുകൂടി കുറ യ്ക്കുമെന്ന പ്രതീക്ഷയിലാണ് ഞാനിതു പറ യുന്നത്. സുരക്ഷ വാഗ്ദാനം ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്തമേല്‍ക്കണം എന്ന ആവശ്യം ഉയര്‍ത്താന്‍ കൂടിയാണ് ഞാനിതു ചെയ്യുന്നത്.'

TAGS :

Next Story