Quantcast

'കോൺഗ്രസ് സ്ഥാനാർഥിപട്ടിക ഈ മാസം അവസാനം, എംപിമാരുടെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും'; മധുസൂദനൻ മിസ്ത്രി

ഒരാഴ്ചക്കുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.

MediaOne Logo

Web Desk

  • Published:

    4 Feb 2026 12:56 PM IST

കോൺഗ്രസ് സ്ഥാനാർഥിപട്ടിക ഈ മാസം അവസാനം, എംപിമാരുടെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും; മധുസൂദനൻ മിസ്ത്രി
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഈ മാസം അവസാനത്തോടെയെന്ന് സ്ക്രീനിനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി. എംപിമാർ മത്സരിക്കണമോ എന്നത് നയപരമായ കാര്യമെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും മിസ്ത്രിപറഞ്ഞു. കെപിസിസി- ഡിസിസി ഭാരവാഹികളുമായുള്ള സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളുടെ ചർച്ച തിരുവനന്തപുരത്ത് തുടരുകയാണ്.

ഇത് രണ്ടാം വട്ടമാണ് സ്ഥാനാർഥി ചർച്ചകൾക്കായി മധുസൂദനൻ മിസ്ത്രിയും മറ്റ് സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളും തിരുവനന്തപുരത്ത് എത്തുന്നത്. കഴിഞ്ഞവട്ടം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാരുമായും ഭാരവാഹികളുമായും സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നുമുതൽ രണ്ടുദിവസം തിരുവനന്തപുരത്ത് തുടരുന്ന മധുസൂദനൻ മിസ്ത്രി മറ്റ് ജില്ലകളിലെ കോൺഗ്രസ് ഭാരവാഹികളുമായി ചർച്ച നടത്തും. അതാത് ജില്ലകളിൽ ആര് സ്ഥാനാർഥിയാവണം എന്നത് സംബന്ധിച്ച് പ്രാദേശിക നേതൃത്വത്തിന്റെ മനസറിയുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കാസർകോട്ട് നിന്ന് ആരംഭിക്കും മുമ്പ് ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ സീറ്റ് വിഭജനം പോലും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ മാസം അവസാനത്തോടെ സ്ഥാനാർഥി നിർണയ പ്രക്രിയ പൂർത്തിയാക്കാൻ കഴിയും എന്നാണ് മധുസൂദനൻ മിസ്ത്രിയുടെ പ്രതീക്ഷ.

പ്രതിപക്ഷ നേതാവിന്റെ യാത്രക്കൊപ്പം മുസ്‍ലിം ലീഗ് അടക്കമുള്ള പ്രധാന ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളും തുടരും. ഒരാഴ്ചക്കുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.


TAGS :

Next Story