Quantcast

ഹിറ്റ്ലറെ ആരാധിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി, ലജ്ജാകരം; രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്‍

ആര്‍എസ്എസിന്റെ ഫാസിസ്റ്റ് നയങ്ങളെ എതിര്‍ക്കാന്‍ കോൺഗ്രസിന് ഒരിക്കലും കഴിയില്ലെന്നും പിണറായി വിജയൻ

MediaOne Logo

Web Desk

  • Published:

    8 Jun 2026 12:14 PM IST

ഹിറ്റ്ലറെ ആരാധിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി, ലജ്ജാകരം; രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്‍
X

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ 'ഹൈഡ്ര' പരാമര്‍ശത്തിനെതിരെ മുന്‍ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. രേവന്ത് റെഡ്ഡിയുടെ പ്രസ്താവന ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പിണറായി വിജയന്റെ പ്രതികരണം.

ഹിറ്റ്ലറുടെ പ്രിയപ്പെട്ട വാക്കായിരുന്നു ഹൈഡ്രയെന്നും അവരെപ്പോലെ ആരെയും കൊല ചെയ്യാന്‍ ശേഷിയുള്ള ഒരു സംവിധാനമാണ് തന്റെ പ്രചോദനമെന്നുമാണ് ഒരു ജനാധിപത്യ രാജ്യത്തെ മുഖ്യമന്ത്രി വേദിയില്‍ വിളിച്ചുപറഞ്ഞതെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് നയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ലെന്ന് ഇടതുപക്ഷം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനം ഇത് തന്നെയാണ്. ജനാധിപത്യ വിശ്വാസികള്‍ ഈ അപകടം തിരിച്ചറിയണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

തെലങ്കാനയിലെ സര്‍ക്കാര്‍ ഭൂമിയും തണ്ണീര്‍ത്തടങ്ങളും കൈയേറുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ രൂപീകരിച്ച ദൗത്യസേനയാണ് ഹൈഡ്ര. ഹിറ്റ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ദൗത്യസേനക്ക് ഹൈഡ്ര എന്ന് പേരിട്ടതെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തെലങ്കാനയിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഏറ്റവും പുതിയ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണ്. തന്റെ ബുള്‍ഡോസര്‍ രാജ് നടപ്പാക്കാനായി സൃഷ്ടിച്ച 'ഹൈഡ്ര' (HYDRAA) എന്ന സംവിധാനത്തിന് ആ പേര് നല്‍കിയത് ലോകചരിത്രം കണ്ട ഏറ്റവും ക്രൂരനായ വംശീയവാദിയും ഏകാധിപതിയുമായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് അദ്ദേഹം പരസ്യമായി അഭിമാനപൂര്‍വ്വം പ്രസ്താവിച്ചിരിക്കുന്നു.

ഹിറ്റ്ലറുടെ പ്രിയപ്പെട്ട വാക്കായിരുന്നു ഹൈഡ്ര എന്നും അവരെപ്പോലെ ആരെയും കൊല ചെയ്യാന്‍ ശേഷിയുള്ള ഒരു സംവിധാനമാണ് തന്റെ പ്രചോദനം എന്നുമാണ് ഒരു ജനാധിപത്യ രാജ്യത്തെ മുഖ്യമന്ത്രി വേദിയില്‍ വിളിച്ചുപറഞ്ഞത്. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണ്.

ഹിറ്റ്‌ലറുടെ ഹൈഡ്ര ഒരു പോപ് കള്‍ച്ചര്‍ സൃഷ്ടി മാത്രമായിരുന്നെങ്കില്‍ ഇവിടെ ഒരു ജനാധിപത്യ സംവിധാനത്തിന് അകത്ത് അതിന് മൂര്‍ത്തരൂപം നല്‍കാന്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കിയിരിക്കുകയാണ്. ഇത് കേവലമൊരു നാക്കുപിഴയായി കാണാന്‍ കഴിയില്ല. അടിയന്തരാവസ്ഥയിലൂടെ ഇന്ത്യയുടെ ജനാധിപത്യ അവകാശങ്ങളെ കശാപ്പ് ചെയ്ത കോണ്‍ഗ്രസ്സിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ സ്വഭാവം തന്നെയാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകളിലൂടെ പുറത്തു ചാടിയത്.

ഹിറ്റ്ലറുടെ കൊലയാളി സംഘത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണം നടത്തുന്നത് എന്ത് ജനാധിപത്യ മാതൃകയാണ് ?

രേവന്ത് റെഡ്ഡിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് അയാളുടെ പഴയ സംഘപരിവാര്‍ പശ്ചാത്തലം കൂടിയാണ്. കോണ്‍ഗ്രസ്സിനകത്തും ഇതേ നിലപാടുകളുമായി അയാള്‍ക്ക് മുന്നോട്ടുപോവാന്‍ കഴിയുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍, ഇത്തരം നിലപാടുകളെക്കൂടി ഉള്‍കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ഫാസിസ്റ്റ് നയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് ഒരിക്കലും കഴിയില്ല എന്ന് ഇടതുപക്ഷം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനം ഇത് തന്നെയാണ്. ജനാധിപത്യ വിശ്വാസികള്‍ ഈ അപകടം തിരിച്ചറിയുക തന്നെ വേണം.

TAGS :

Next Story