Quantcast

'ശബ്ദരേഖയല്ല, നടപടിയാണ് വേണ്ടത്, രാഹുലിനെതിരെ സർക്കാർ നടപടിയെടുത്താൽ പാർട്ടിയും കൂടുതൽ നടപടികളിലേക്ക് കടക്കും': കെ. മുരളീധരൻ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിന് ശക്തിപകരുന്ന കൂടുതല്‍ ശബ്ദസന്ദേശങ്ങളും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ഇന്ന് പുറത്തുവന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-11-24 12:47:38.0

Published:

24 Nov 2025 6:15 PM IST

ശബ്ദരേഖയല്ല, നടപടിയാണ് വേണ്ടത്, രാഹുലിനെതിരെ സർക്കാർ നടപടിയെടുത്താൽ പാർട്ടിയും കൂടുതൽ നടപടികളിലേക്ക് കടക്കും: കെ. മുരളീധരൻ
X

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സര്‍ക്കാര്‍ എന്ത് തീരുമാനം വേണമെങ്കിലും എടുക്കാനുള്ള സാഹചര്യമുണ്ട്. ഗവണ്‍മെന്റ് നടപടിയെടുത്താല്‍ പാര്‍ട്ടിയും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'ശബ്ദരേഖയല്ല വേണ്ടത്, നടപടിയാണ് വേണ്ടത്. സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. എന്ത് തീരുമാനമെടുക്കാനുമുള്ള സാഹചര്യം സര്‍ക്കാരിനുണ്ട്. വിഷയം പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണം'. മുരളീധരന്‍ പറഞ്ഞു.

'മാങ്കൂട്ടത്തിലിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയാണെങ്കില്‍ പാര്‍ട്ടിയും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കും. സര്‍ക്കാരിന്റെ നടപടിയിലൂടെ പൊലീസ് വിഷയത്തില്‍ ഇടപെട്ടാല്‍ മാത്രമേ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിനെ പറ്റി ചിന്തിക്കൂ.' മുരളീധരന്‍ വ്യക്തമാക്കി.

തനിക്കെതിരെ ആരോപണങ്ങള്‍ നിരന്തരമായി ഉയര്‍ന്നുവന്നിട്ടും പൊതുവേദികളില്‍ രാഹുല്‍ സജീവമാകുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ തെളിവുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കട്ടേയെന്നായിരുന്നു മുരളീധരന്റെ മറുപടി.

'ഇപ്പോള്‍ പാര്‍ട്ടിയിലില്ലാത്ത ആളിനെതിരെ കൂടുതല്‍ നടപടിക്ക് പോകണമെങ്കില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുള്ള നടപടിയുണ്ടാകണം. ഇതുവരെയും രാഹുലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിനായുള്ള നടപടി ഉണ്ടായിട്ടില്ല'. അത്തരമൊരു പുകമറ കാണിച്ച് തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപിയും സിപിഎമ്മും കരുതേണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിന് ശക്തിപകരുന്ന കൂടുതല്‍ ശബ്ദസന്ദേശങ്ങളും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ഇന്ന് പുറത്തുവന്നിരുന്നു. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുലിന്റെ സന്ദേശമാണ് പുറത്തുവന്നത്.

അന്വേഷണവുമായി സഹകരിക്കുമെന്നും കൂടുതല്‍ വിശദീകരണങ്ങള്‍ അതുകഴിഞ്ഞാവാമെന്നും പ്രതികരിച്ച രാഹുല്‍ സന്ദേശം തന്റെയാണോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല.

TAGS :

Next Story