Quantcast

നവകേരള സദസ്സിന്‍റെ ശോഭ കെടുത്താന്‍ പ്രതിഷേധങ്ങള്‍ക്കായെന്ന വിലയിരുത്തലിൽ കോൺഗ്രസ്; സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരും

പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെ കലാപാഹ്വാനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തതും രാഷ്ട്രീയ വിഷയമാക്കി ഉയർത്താൻ തന്നെയാണ് കോൺഗ്രസ് തീരുമാനം

MediaOne Logo

Web Desk

  • Published:

    24 Dec 2023 2:10 AM GMT

KPCC executive meeting, Thiruvananthapuram Indira Bhavan, KPCC, K Sudhakaran
X

തിരുവനന്തപുരം: നവകേരള സദസ്സ് ബഹിഷ്കരിച്ചത് രാഷ്ട്രീയമായി ഗുണം ചെയ്‌തെന്ന വിലയിരുത്തലിൽ കോൺഗ്രസ്. അവസാന ദിവസങ്ങളിലെ സമരങ്ങൾ ജനശ്രദ്ധയാകർഷിച്ചെന്നും നവകേരളാ സദസ്സിന്റെ പൊള്ളത്തരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു. സർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികൾ തുടർന്നുകൊണ്ടുപോകാനാണ് പാർട്ടി തീരുമാനം.

ഒരാഴ്ചയ്ക്കിടെ നടത്തിയ പോഷക സംഘടനകളുടെ സമരങ്ങളും ഒടുവിൽ കോൺഗ്രസ് നേരിട്ട് നടത്തിയ ഡി.ജി.പി ഓഫീസ് മാർച്ചും ഗുണം ചെയ്‌തെന്ന വിലയിരുത്തലാണ് കെ.പി.സി.സിക്കുള്ളത്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വേദിയിലിരിക്കെയുണ്ടായ പൊലീസ് നടപടി വീണുകിട്ടിയ രാഷ്ട്രീയ ആയുധമാണ്. അത് കൃത്യമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം.

നവകേരള സദസ്സിന്റെ ശോഭ കെടുത്താനും ഈ സമരങ്ങൾക്കായിട്ടുണ്ടെന്ന വിലയിരുത്തലുണ്ട്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനെക്കാൾ ശ്രദ്ധ സമരങ്ങൾക്ക് ലഭിച്ചു. പൊലീസ് നടത്തിയ മർദനങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ഒപ്പം മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങളും ജനശ്രദ്ധയാകർഷിച്ചെന്നും നേതൃത്വം വിലയിരുത്തുന്നു.

അതേസമയം, കരിങ്കൊടി പ്രതിഷേധങ്ങൾ നടത്താനുള്ള കാരണങ്ങൾ ജനങ്ങളെ യഥാസമയം ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്ന വിമർശനവും പാർട്ടിക്കുള്ളിലുണ്ട്. എന്നാൽ, ഇത്തരം പ്രതിഷേധങ്ങളെ ഡി.വൈ.എഫ്.ഐയും പൊലീസും ചേർന്ന് കൈകാര്യം ചെയ്ത രീതി ഈ വീഴ്ച മറയ്ക്കാൻ സഹായിച്ചു. നവകേരള സദസ്സിനെ വരുംദിവസങ്ങളിൽ ഓഡിറ്റ്‌ ചെയ്യാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ പരാതികൾ പരിഹരിക്കപ്പെട്ടോ എന്ന കാര്യം കണക്കുകൾ നിരത്തി അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം സർക്കാരിനെതിരെ തുടർപ്രതിഷേധങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ ഇതിന് അന്തിമരൂപം വരും. പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെ കലാപാഹ്വാനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തതും രാഷ്ട്രീയ വിഷയമാക്കി ഉയർത്താൻ തന്നെയാണ് കോൺഗ്രസ് തീരുമാനം.

Summary: Congress is of the opinion that the boycott of the NavaKerala Sadass was politically beneficial

TAGS :

Next Story