വിഴിഞ്ഞം ഉദ്ഘാടനം: രാജീവ് ചന്ദ്രശേഖറിന് ഇരിപ്പിടം നൽകിയത് ജനാധിപത്യവിരുദ്ധമെന്ന് സിപിഎം, പങ്കെടുത്തത് കേരള സർക്കാരിന്റെ ഔദാര്യത്തിലല്ലെന്ന് ബിജെപി
കേന്ദ്രസർക്കാറിന്റെ പുതിയ പരസ്യത്തിൽ മുഖ്യമന്ത്രിയെയും ഉള്‍പ്പെടുത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംങ് കഴിഞ്ഞിട്ടും വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. മന്ത്രിമാർ ഉൾപ്പെടെ സദസ്സിൽ ഇരുന്നപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് വേദിയിൽ ഇടം നൽകിയത് ശരിയല്ലെന്നാണ് സിപിഎം ആവർത്തിക്കുന്നത്. ഉദ്ഘാടന വേദിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഇരിപ്പിടം നൽകിയത് ജനാധിപത്യപരമായി ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്ന രൂപത്തിലല്ല അദാനിയെ എൽഡിഎഫ് കാണുന്നതെന്ന് പാർട്ണർ പരാമർശത്തിന് മറുപടിയുമായി മന്ത്രി വി. എൻ വാസവൻ രംഗത്ത് എത്തി.
ചടങ്ങിൽ താൻ പങ്കെടുത്തതിൽ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനത്തിൽ പങ്കെടുത്തത് കേരള സർക്കാരിന്റെ ഔദാര്യത്തിലല്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
ഉദ്ഘാടന വേദിയിലെ പ്രഭാഷകരിൽ ആരും ഉമ്മൻചാണ്ടിയുടെ പേര് പോലും പരാമർശിക്കാത്തത് ലജ്ജിപ്പിക്കുന്നതാണെന്ന് ശശി തരൂർ എംപി ഫേസ്ബുക്കിൽ കുറിച്ചു..ഉമ്മൻചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാൻ താൻ ഉദ്ദേശിച്ചിരുന്നുവെന്നും, എന്നാൽ അവസരം ലഭിച്ചില്ലെന്നും തരൂർ പറഞ്ഞു.
അതിനിടെ, വിഴിഞ്ഞം പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാറിന്റെ പുതിയ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഉൾപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ ചിത്രത്തിന് ഒപ്പമാണ് മുഖ്യമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയത്.
ഇന്നലെ നൽകിയ കേന്ദ്രസർക്കാരിന്റെ പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം മാത്രമായിരുന്നു നൽകിയത്. എന്നാൽ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ പരസ്യത്തിൽ മുഖ്യമന്ത്രിക്കൊപ്പം തുല്യ പ്രധാന്യത്തോടെ പ്രധാനമന്ത്രിയുടെ ചിത്രവും നൽകിയിരുന്നു.
Adjust Story Font
16

