Quantcast

'40 വയസിൽ താഴെയാണ് പ്രതികളുടെ പ്രായം, വധശിക്ഷയോ ജീവപര്യന്തമോ നൽകേണ്ട സാഹചര്യമില്ല'; കോടതി വിധി ഇങ്ങനെ...

'സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു'.

MediaOne Logo

Web Desk

  • Updated:

    2025-12-12 15:53:45.0

Published:

12 Dec 2025 5:49 PM IST

court verdict describes here in actress attack case
X

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് വിവിധ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വധശിക്ഷയോ ജീവപര്യന്തമോ നൽകേണ്ട സാഹചര്യമില്ലെന്ന് വിധിയിൽ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ്. പ്രതികളുടെ പ്രായം, കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും പരിഗണിക്കുന്നതായും 40 വയസിൽ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായമെന്നും ജഡ്ജി നിരീക്ഷിച്ചു.

പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത പരിഗണിക്കാതിരിക്കാനാവില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും അവരിൽ ഭയവും അപമാനവും നിസഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവർക്ക് മാനസികാഘാതവുമുണ്ടാക്കി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവർ ആക്രമിക്കപ്പെട്ടത് എന്നതും, മുൻകൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ട്- വിധിയിൽ പറയുന്നു.

ശിക്ഷ വിധിക്കുമ്പോൾ, കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കോടതി കണക്കിലെടുക്കേണ്ടതുണ്ടെന്നും വിധിയിൽ‌ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു. ലിംഗ നീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും വിധിയിൽ പരാമർശിക്കുന്നുണ്ട്.

കോടതി വിധി ഇപ്രകാരം...

'ശിക്ഷ വിധിക്കുമ്പോൾ, കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കോടതി കണക്കിലെടുക്കേണ്ടതുണ്ട്. ശിക്ഷ വിധിക്കുമ്പോൾ സമൂഹത്തോടും കുറ്റവാളിയോടും നീതി പുലർത്തുന്ന രീതിയിൽ സന്തുലിതമായിരിക്കണം കാര്യങ്ങൾ പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതിയുടെ സ്വയം തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങൾ എന്നിവയും പരിഗണിക്കണം. ശിക്ഷ വിധിക്കുമ്പോൾ കോടതി വികാരങ്ങൾക്ക് അടിപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ പാടില്ല.

അതേസമയം, പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത കോടതിക്ക് പരിഗണിക്കാതിരിക്കാൻ കഴിയില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും അവരിൽ ഭയവും അപമാനവും നിസഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവർക്ക് മാനസികാഘാതവും നൽകി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവർ ആക്രമിക്കപ്പെട്ടത് എന്നതും, മുൻകൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ട്.‌

എന്നിരുന്നാലും, പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും കോടതി പരിഗണിക്കുന്നു. 40 വയസിൽ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായം. നിർഭയ കേസിൽ (മുകേഷ് v. സ്റ്റേറ്റ് ഓഫ് ഡൽഹി) സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു. ലിംഗ നീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതുണ്ട്. മുകളിൽ പറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, പരമാവധി ശിക്ഷ (വധശിക്ഷയോ ജീവപര്യന്തമോ) നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി കാണുന്നു. അതിനാൽ പ്രതികൾക്ക് താഴെ പറയുന്ന ശിക്ഷ വിധിക്കുന്നു:

  • ഒന്ന് മുതൽ ആറ് വരെ പ്രതികൾ: ഐപിസി സെക്ഷൻ 376 (ഡി) (കൂട്ടബലാത്സംഗം) പ്രകാരം 20 വർഷം കഠിനതടവും ഓരോരുത്തർക്കും 50,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം.
  • ഒന്ന് മുതൽ ആറ് വരെ പ്രതികൾ: ഐപിസി സെക്ഷൻ 342 വകുപ്പ് (അന്യായമായി തടങ്കലിൽവയ്ക്കൽ) പ്രകാരം ഒരു വർഷം വെറും തടവ് (Simple Imprisonment).
  • ഐപിസി സെക്ഷൻ 366, 354 (ബി) തുടങ്ങിയ വകുപ്പുകൾക്ക് പ്രത്യേക ശിക്ഷ വിധിക്കുന്നില്ല.
  • ഐപിസി സെക്ഷൻ 357 പ്രകാരം ഒരു വർഷം തടവ്.
  • തട്ടിക്കൊണ്ടുപോകലിന് 10 വർഷം കഠിനതടവും 25,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ്.

പ്രത്യേക ശിക്ഷകൾ:

ഒന്നാം പ്രതിക്ക് (പൾസർ സുനി):

- ഐടി ആക്ട് സെക്ഷൻ 66ഇ പ്രകാരം: മൂന്ന് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും (അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ്).

- ഐടി ആക്ട് സെക്ഷൻ 67എ പ്രകാരം: അഞ്ച് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും (അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ്).

രണ്ടാം പ്രതിക്ക് (മാർട്ടിൻ):

-ഐപിസി സെക്ഷൻ 201 (തെളിവ് നശിപ്പിക്കൽ) പ്രകാരം: 3 വർഷം കഠിനതടവും 25,000 രൂപ പിഴയും (അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ്).

മറ്റ് ഉത്തരവുകൾ:

-വിവിധ കുറ്റങ്ങൾക്കുള്ള ശിക്ഷകൾ പ്രതികൾ ഒരുമിച്ച് അനുഭവിച്ചാൽ മതി (Sentences shall run concurrently).

-വിചാരണാ കാലയളവിൽ ജയിലിൽ കിടന്ന സമയം ശിക്ഷാ കാലാവധിയിൽ വകവച്ചു നൽകുന്നതാണ് (Set off allowed).

-ഈടാക്കുന്ന പിഴത്തുക ഇരയ്ക്ക് നൽകണം.

-തൊണ്ടിമുതലായ മൊബൈൽ ഫോണും പെൻഡ്രൈവും അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിൽ സൂക്ഷിക്കണം. അപ്പീൽ കാലാവധിക്ക് ശേഷം മാത്രമേ ഇവ നശിപ്പിക്കാൻ പാടുള്ളൂ.

ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്, രണ്ടാം പ്രതി മാർട്ടിൻ ആന്‍റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാൾ സലീം), ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവയ്ക്കൽ, തെളിവ് നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല ചിത്രമെടുക്കൽ, ഇത് പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എട്ടാം പ്രതി നടന്‍ ദിലീപ് അടക്കമുള്ള നാല് പേരെ കോടതി വെറുതെ വിട്ടത്.

TAGS :

Next Story