Quantcast

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലാതെ സിപിഐ; സംസ്ഥാന നേതൃയോഗം ഇന്ന് ചേരും

പദവി നൽകാനാകില്ലെന്ന സിപിഎമ്മിന്റെ കടുംപിടുത്തത്തിന് മുന്നിൽ വഴങ്ങേണ്ടതില്ലെന്നാണ് സിപിഐ അംഗങ്ങളുടെ പൊതുവായ അഭിപ്രായം

MediaOne Logo

Web Desk

  • Published:

    4 Jun 2026 9:22 AM IST

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലാതെ സിപിഐ; സംസ്ഥാന നേതൃയോഗം ഇന്ന് ചേരും
X

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഐ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. പദവി നൽകാനാകില്ലെന്ന സിപിഎമ്മിന്റെ കടുംപിടുത്തത്തിന് മുന്നിൽ വഴങ്ങേണ്ടതില്ലെന്നാണ് സിപിഐ അംഗങ്ങളുടെ പൊതുവായ അഭിപ്രായം. ആവശ്യത്തിൽ നിന്ന് ഇപ്പോൾ പിന്നോട്ട് പോയാൽ അത് പൂർണമായ കീഴടങ്ങലാകുമെന്നും, അതിനാൽ ശക്തമായ സമ്മർദ്ദം തുടരണമെന്നുമാണ് പാർട്ടിയിലുയരുന്ന വികാരം.

കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണമെന്ന ആവശ്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് സിപിഐ. പദവി ലഭിച്ചില്ലെങ്കിൽ നിയമസഭാ കക്ഷിയിലെ മറ്റ് ചുമതലകൾ ഏറ്റെടുക്കേണ്ടതില്ലെന്നും, സംയുക്ത പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കേണ്ടെന്നുമാണ് സിപിഐയുടെ തീരുമാനം. ഇന്നത്തെ സംസ്ഥാന നേതൃയോഗത്തിൽ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തതവരുത്തി തുടർനടപടികൾ തീരുമാനിക്കും. നിയമസഭയിൽ ആകെ 35 എംഎൽഎമാർ മാത്രമുള്ള (സിപിഎം 26, സിപിഐ 8, ആർജെഡി 1) നിലവിലെ പ്രതിപക്ഷ നിരയിൽ സിപിഐയ്ക്ക് മാന്യമായ പദവി ലഭിച്ചേ തീരൂ എന്നാണ് അംഗങ്ങളുടെ നിലപാട്.

കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം നേതൃത്വവും എകെജി സെന്ററിൽ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടിരുന്നു. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സിപിഎം തന്നെയാണെന്ന കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് സിപിഎം ഈ ആവശ്യത്തെ എതിർക്കുന്നത്. കൂടാതെ, പ്രതിപക്ഷ ഉപനേതാവ് എന്നൊരു പദവി ഭരണഘടനാപരമായി ഇല്ലെന്നും സിപിഎം വാദിക്കുന്നു. എന്നാൽ ഇത്തരം സാങ്കേതികത്വങ്ങൾ പറഞ്ഞ് എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയ്ക്ക് അർഹമായ പ്രാധാന്യം നിഷേധിക്കുന്നതിനെ നേതൃത്വം ശക്തമായി എതിർക്കുകയാണ്.

ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കാരണം നിയമസഭാ സമ്മേളനം തുടങ്ങിയിട്ടും ഇതുവരെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചുചേർക്കാൻ സാധിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ തെരഞ്ഞെടുത്തത് പോലും തങ്ങളോട് കൂടിയാലോചിക്കാതെയാണെന്ന അമർഷവും സിപിഐക്കുണ്ട്. നിലവിൽ നിയമസഭയിൽ പ്രതിപക്ഷ നിരയിൽ രണ്ടാമനായി കെ.എൻ. ബാലഗോപാലാണ് ഇരിക്കുന്നത്. ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും അദ്ദേഹമാണ്. എൽഡിഎഫിൽ സിപിഐ നൽകുന്ന പ്രാധാന്യം തിരിച്ച് സിപിഎമ്മും നൽകണമെന്നും, ഈ വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കട്ടെയെന്നുമാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. തർക്കം പരിഹരിക്കാതെ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നതിൽ വലിയ പ്രതിസന്ധിയാണ് നിലവിലുള്ളത്.

TAGS :

Next Story