Quantcast

മുസ്‍ലിംകളെ സാംസ്‌കാരികമായി തകർക്കാൻ സി.പി.എമ്മിന് മലപ്പുറത്തും കരുവാരക്കുണ്ടും പൊന്നാനിയിലും ഏജന്‍റുമാര്‍- എം.എസ്.എഫ് നേതാവ്

''പൊന്നാനി കേന്ദ്രീകരിച്ച് തോമസ് ഐസകിന്റെ കാർമികത്വത്തിൽ താത്തമാർ ചുടുന്ന അപ്പങ്ങളുടെ പ്രദർശനമെന്ന പേരില്‍ ഒരു ഫുഡ് ഫെസ്റ്റിവൽ നടക്കുന്നുണ്ട്. മുസ്‍ലിം സ്ത്രീകളെ സാംസ്‌കാരികമായി തട്ടമൂരിക്കുക എന്ന ഗൂഢ അജണ്ടയുടെ പ്രയോഗവത്കരണമാണത്.''

MediaOne Logo

Web Desk

  • Updated:

    2023-10-02 13:42:46.0

Published:

2 Oct 2023 1:41 PM GMT

MSF leader Adv Thohani alleges that CPM agents to destroy Muslims culturally, Adv K Anilkumar controversial remarks
X

കെ. അനില്‍കുമാര്‍, അഡ്വ. തൊഹാനി

കോഴിക്കോട്: മുസ്‍ലിംകളെ സാംസ്‌കാരികമായി തകർക്കാൻ സി.പി.എമ്മിന് മലപ്പുറത്തും കരുവാരക്കുണ്ടും പൊന്നാനിയിലുമൊക്കെ ഏജന്റുമാരുമുണ്ടെന്ന് എം.എസ്.എഫ് വനിതാ നേതാവ്. വോട്ട് കിട്ടാനുള്ള വാചകക്കസർത്തുകളല്ലാതെ ഒരു ആത്മാർത്ഥതയും മുസ്‍ലിം പ്രശ്‌നത്തിൽ സി.പി.എമ്മിനില്ലെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയും ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റുമായ അഡ്വ. തൊഹാനി വിമർശിച്ചു. പൊന്നാനി കേന്ദ്രീകരിച്ച് തോമസ് ഐസകിന്റെ കാർമികത്വത്തിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവൽ മുസ്‍ലിം സ്ത്രീകളുടെ തട്ടമൂരിക്കാനുള്ള ആ ഗൂഢ അജണ്ടയുടെ ഭാഗമാണെന്നും അവർ ആരോപിച്ചു.

സി.പി.എം സംസ്ഥാന സമിതി അംഗം അഡ്വ. കെ. അനിൽകുമാറിന്റെ വിവാദ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു തൊഹാനി. ''മുസ്‍ലിംകളെ സാംസ്‌കാരികമായി തകർക്കുക എന്ന വിപുലമായ അജണ്ടയാണ് സി.പി.എം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കാംപസിലെ അരാജകത്വ പ്രചാരണം എസ്.എഫ്.ഐ ഏറ്റെടുത്തത് ഈ അജണ്ട കൂടി ലക്ഷ്യമിട്ടാണ്. മുസ്‍ലിം പെൺകുട്ടികളുടെ തട്ടം പറിച്ചെറിയിക്കാൻ മാത്രമല്ല, പി.കെ സൈനബ, കെ.എസ് സലീഖ, സുബൈദ ഇസ്ഹാഖ് മാതൃകയിൽ മാപ്ലാവുകളെ സൃഷ്ടിക്കാനാണ് പരിശ്രമം. സി.പി.എം അകമേ പേറുന്ന ബ്രാഹ്മണിക് ബോധം തന്നെയാണ് അതിന് കാരണം.''-ഫേസ്ബുക്ക് കുറിപ്പിൽ തൊഹാനി ആരോപിച്ചു.

പൊന്നാനി കേന്ദ്രീകരിച്ച് തോമസ് ഐസകിന്റെ കാർമികത്വത്തിൽ ഒരു പരിപാടി കുറച്ച് കാലമായി നടക്കുന്നുണ്ട്. താത്തമാർ ചുടുന്ന അപ്പങ്ങളുടെ പ്രദർശനമാണെന്നൊക്കെ പുറത്ത് പറഞ്ഞുള്ള ഫുഡ് ഫെസ്റ്റിവലൊക്കെയാണ് നടത്തുന്നത്. മുസ്‍ലിം സ്ത്രീകളെ സമുദായത്തിന് പുറത്തെത്തിച്ചു സംഘടിപ്പിക്കുകയും സാംസ്‌കാരികമായി തട്ടമൂരിക്കുകയും ചെയ്യുക എന്ന ഗൂഢ അജണ്ടയുടെ പ്രയോഗവത്കരണമാണത്. കേരളത്തിന്റെ തീരദേശത്ത് ഇതിനകം തന്നെ സി.പി.എം സാംസ്‌കാരികമായി വന്ധ്യംകരിച്ച അനേകായിരം മാപ്ല സഖാക്കളുണ്ട്. വിശ്വാസികളായ മുസ്‍ലിംകളെ കളിയാക്കുന്ന, അപഹസിക്കുന്ന അനേകം മാപ്ല സഖാക്കൾ ജോലിക്ക് പോകാതെ നമ്മുടെ നാട്ടിൻപുറത്ത് കഴിയുന്നുണ്ട്. അതിനെ സാംസ്‌കാരികമായി തന്നെ ചെറുക്കേണ്ടതുണ്ടെന്നും അഡ്വ. തൊഹാനി ആവശ്യപ്പെട്ടു.

അഡ്വ. തൊഹാനിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മലപ്പുറത്തെ മുസ്‍ലിം പെൺകുട്ടികളുടെ തട്ടം പറിച്ചെറിയാൻ സി.പി.എം നടത്തുന്ന പരിശ്രമങ്ങൾ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ യുക്തിവാദികളുടെ സമ്മേളനത്തിൽ പ്രസംഗിച്ചത് എല്ലാവരും കേട്ടിരിക്കും. മുസ്‍ലിം സമുദായത്തെ ലക്ഷ്യമിട്ട് പല ഗൂഢപദ്ധതികളും സി.പി.എമ്മിനുണ്ട്. മുസ്‍ലിംകളെ സാംസ്‌കാരികമായി തകർക്കാനായി മലപ്പുറത്തും കരുവാരക്കുണ്ടും പൊന്നാനിയിലുമൊക്കെ അവർക്ക് ഏജന്റുമാരുമുണ്ട്.

സി.പി.എം ഇസ്ലാമോഫോബിക് ആണെന്നും മുസ്‍ലിംകളെ സാംസ്‌കാരികമായി തകർക്കാൻ അവർക്ക് പ്രത്യേകം അജണ്ടയുണ്ടെന്നും പറഞ്ഞാൽ പല മാപ്ല സഖാക്കൾക്കും വിറളിയാണ്. തവനൂർ ചെഗുവേരയാകട്ടെ ചുകപ്പ് കണ്ട കാള പോലെ ഹാലിളകും. മൂപ്പര് ചിലപ്പോ പുതിയ കാപ്‌സ്യൂളും കാത്തിരിക്കുകയാകും.

മുസ്ലിം പെൺകുട്ടികളുടെ ഹിജാബിന് വേണ്ടി ഡയലോഗടിച്ച സി.പി.എം കോഴിക്കോട് പ്രസന്റേഷൻ സ്‌കൂളിൽ തട്ടം നിരോധിച്ചതിനെ കുറിച്ച് മൗനം പാലിച്ചത് ഓർമ്മയില്ലേ. തട്ട നിരോധനം മനസിലുള്ള സി.പി.എമ്മിന് പ്രസന്റേഷൻ സ്‌കൂളിലെ നിരോധനം സന്തോഷമല്ലാതെ മറ്റെന്ത് വികാരമുണ്ടാക്കാനാണ്. വോട്ട് കിട്ടാനുള്ള വാചകക്കസർത്തുകളല്ലാതെ ഒരു ആത്മർത്ഥതയും മുസ്ലിം പ്രശ്‌നത്തിൽ സി.പി.എമ്മിനില്ല.

മറിച്ച് മുസ്ലിംകളെ സാംസ്‌കാരികമായി തകർക്കുക എന്ന വിപുലമായ അജണ്ട അവർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കാംപസിലെ അരാജകത്വ പ്രചാരണം എസ്.എഫ്.ഐ ഏറ്റെടുത്തത് ഈ അജണ്ട കൂടി ലക്ഷ്യമിട്ടാണ്. മുസ്ലിം പെൺകുട്ടികളുടെ തട്ടം പറിച്ചെറിയിക്കാൻ മാത്രമല്ല, പി.കെ സൈനബ, കെ.എസ് സലീഖ, സുബൈദ ഇസ്ഹാഖ് മാതൃകയിൽ മാപ്ലാവുകളെ സൃഷ്ടിക്കാനാണ് പരിശ്രമം. സി.പി.എം അകമേ പേറുന്ന ബ്രാഹ്മണിക് ബോധം തന്നെയാണ് അതിന് കാരണം.

പൊന്നാനി കേന്ദ്രീകരിച്ച് തോമസ് ഐസകിന്റെ കാർമികത്വത്തിൽ ഒരു പരിപാടി കുറച്ച് കാലമായി നടക്കുന്നുണ്ട്. താത്തമാർ ചുടുന്ന അപ്പങ്ങളുടെ പ്രദർശനമാണെന്നൊക്കെ പുറത്തു പറഞ്ഞുള്ള ഫുഡ് ഫെസ്റ്റിവലൊക്കെയാണ് നടത്തുന്നത്. മുസ്ലിം സ്ത്രീകളെ സമുദായത്തിന് പുറത്തെത്തിച്ചു സംഘടിപ്പിക്കുകയും സാംസ്‌കാരികമായി തട്ടമൂരിക്കുകയും ചെയ്യുക എന്ന ഗൂഢ അജണ്ടയുടെ പ്രയോഗവത്കരണമാണത്. പൊന്നാനിക്കാർ അത് കണ്ടറിഞ്ഞില്ലെങ്കിൽ അവിടെ ഇനി പലതും കാണേണ്ടി വരും.

കേരളത്തിന്റെ തീരദേശത്ത് ഇതിനകം തന്നെ സി.പി.എം സാംസ്‌കാരികമായി വന്ധ്യംകരിച്ച അനേകായിരം മാപ്ല സഖാക്കളുണ്ട്. വിശ്വാസികളായ മുസ്ലിംകളെ കളിയാക്കുന്ന, അപഹസിക്കുന്ന അനേകം മാപ്ല സഖാക്കൾ ജോലിക്ക് പോകാതെ നമ്മുടെ നാട്ടിൻപുറത്ത് കഴിയുന്നുണ്ട്. അടുത്ത ഘട്ടം മാപ്പിള സ്ത്രീകളുടേതാണ്. അക്കാര്യമാണ് അനിൽകുമാർ വളച്ചുകെട്ടില്ലാതെ പറഞ്ഞത്. അതിനെ സാംസ്‌കാരികമായി തന്നെ ചെറുക്കേണ്ടതുണ്ട്.

Summary: 'CPM has agents in Malappuram, Karuvarakundu and Ponnani to destroy Muslims culturally': Alleges MSF women leader Adv Thohani K

TAGS :

Next Story