പൊന്നാനിയിൽ വിദ്യാർഥികൾക്ക് നേരെ പൊലീസ് ആക്രമണമെന്ന് സിപിഎം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
വിദ്യാർഥികളെ വീട്ടിൽ നിന്ന് പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

മലപ്പുറം: പൊന്നാനി എരമംഗലത്ത് വിദ്യാർഥികൾക്ക് നേരെ പൊലീസ് ആക്രമണമെന്ന് സിപിഎം ആരോപണം. ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരിൽ പെരുമ്പടപ്പ് പൊലീസ് ക്രൂരമായി ആക്രമിച്ചെന്നാണ് ആരോപണം.
വിദ്യാർഥികളെ വീട്ടിൽ നിന്ന് പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം എരമംഗലം ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. സ്വകാര്യ ഭാഗങ്ങളിൽ ഉള്‍പ്പെടെ മർദിച്ച് മുറിവേല്‍പ്പിച്ചെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. എരമംഗലം- ഞരണിപ്പുഴ റോഡിലുള്ള പുഴക്കര ഭഗവതി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ചില സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അർധരാത്രി പൊലീസ് വിദ്യാർഥികളുടെ വീട്ടിലെത്തി ഇവരെ പിടിച്ചുകൊണ്ടുപോയത്.
പൊലീസ് അന്വേഷിച്ചയാളെ കിട്ടാത്തതുകൊണ്ട് മറ്റുള്ള വിദ്യാർഥികളെ പിടിച്ചുവലിച്ചുകൊണ്ടുപോവുകയായിരുന്നു എന്നാണ് ആരോപണം. പൊലീസ് വാഹനത്തിൽ വച്ചും സ്റ്റേഷനിൽ വച്ചും മറ്റൊരു സ്ഥലത്തുവച്ചും മർദിച്ചെന്നും പരാതിയിൽ പറയുന്നു. മൂന്ന് വിദ്യാർഥികളെ മർദിച്ചെന്നാണ് ആരോപണം.
പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ അരുൺകുമാർ, വിഷ്ണുനാരായണൻ, ജോജോ, വിഷ്ണു തമ്പാൻ, സാൻ സോമൻ, ഉമേഷ് തുടങ്ങിയ പൊലീസുകാർക്കെതിരെയാണ് പരാതി.
എന്നാൽ, ഉത്സവത്തിനിടെ യുവാക്കൾ പൊലീസിനെയാണ് ആക്രമിച്ചതെന്നാണ് പെരുമ്പടപ്പ് പൊലീസ് പറയുന്നത്. വിദ്യാർഥികളെ മർദിച്ചിട്ടില്ല. രാവിലെത്തന്നെ വിട്ടയച്ചെന്നും പൊലീസ് വിശദീകരണം.
Adjust Story Font
16

