ഒരിടത്ത് ജി. സുധാകരന്‍, മറ്റൊരിടത്ത് പി.കെ ശശി, പിന്നെ പയ്യന്നൂരും തളിപ്പറമ്പും; തെരഞ്ഞെടുപ്പിന് മുമ്പേ അടി, ഈ സിപിഎമ്മിന് ഇതെന്തു പറ്റി?
തുടര്‍ച്ചയായ മൂന്നാംവട്ടവും ഭരണത്തിലേറുകയെന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് കടക്കാനിരിക്കുന്ന സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ടാണ് ആലപ്പുഴയിലും പാലക്കാട്ടും കണ്ണൂരിലും ഉള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ പടലപ്പിണക്കങ്ങള്‍ രൂക്ഷമാകുന്നത്

- Updated:
2026-03-05 15:55:15.0

കോഴിക്കോട്: തുടര്‍ച്ചയായ മൂന്നാംവട്ടവും ഭരണത്തിലേറുകയെന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് കടക്കാനിരിക്കുന്ന സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ടാണ് ആലപ്പുഴയിലും പാലക്കാട്ടും കണ്ണൂരിലും ഉള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ പടലപ്പിണക്കങ്ങള്‍ രൂക്ഷമാകുന്നത്. മുതിര്‍ന്ന നേതാക്കള്‍ മുതല്‍ താഴെത്തട്ടിലെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ വരെ നേതൃത്വത്തിനെതിരെ തിരിയുന്നത് പാര്‍ട്ടിയുടെ സംഘടനാ കരുത്തിന് വലിയ പ്രഹരമായി മാറുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയെന്നതാണ് മുന്‍കാലങ്ങളില്‍ സിപിഎമ്മിന്റെ രീതി. എതിര്‍പാളയത്ത് വിമതശബ്ദങ്ങളും സ്ഥാനാര്‍ഥി തര്‍ക്കങ്ങളും രൂക്ഷമാകുമ്പോഴും സിപിഎം വലിയ ബഹളമില്ലാതെ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കാറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പോടടുക്കുമ്പോള്‍ ചിത്രം വ്യത്യസ്തമാണ്. നിരവധിയിടങ്ങളില്‍ വിമത ശബ്ദങ്ങള്‍, സ്ഥാനാര്‍ഥികളെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതകള്‍. ഏറ്റവുമൊടുവില്‍ ജി. സുധാകരനെ പോലെ മുതിര്‍ന്ന നേതാവ് നേതൃത്വത്തെയാകെ തള്ളിപ്പറഞ്ഞ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യം. പിന്നാലെ പാലക്കാട് ജില്ലയില്‍ ഏറെ സ്വാധീനമുള്ള പി.കെ ശശിയുടെ, നേതൃത്വത്തെ വെല്ലുവിളിച്ചുള്ള പുറത്തുപോക്ക്. ഇതെല്ലാം കൂടിയാകുമ്പോള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നേരിടുന്നത് മുമ്പെങ്ങുമില്ലാത്ത സ്ഥിതിവിശേഷമാണ്.
പയ്യന്നൂരില്‍ തുടങ്ങിയ പുകച്ചില്‍
പാര്‍ട്ടിയില്‍ ആദ്യം പുകഞ്ഞുതുടങ്ങിയത് പയ്യന്നൂരിലെ പ്രശ്‌നങ്ങളാണ്. ധനരാജ് രക്തസാക്ഷി ഫണ്ടില്‍ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ മധുസൂദനന്റെ നേതൃത്വത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ ആരോപണം സിപിഎമ്മിനെ ആകെ പ്രതിരോധത്തിലാക്കി. അഞ്ച് വര്‍ഷമായി പാര്‍ട്ടിക്കകത്ത് പുകയുന്ന പ്രശ്‌നമാണ് താന്‍ ഉന്നയിച്ചതെന്നാണ് കുഞ്ഞികൃഷ്ണന്‍ പറഞ്ഞത്. ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പലവട്ടം വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരിച്ചിട്ടും രക്തസാക്ഷി ഫണ്ട് തിരിമറി സംബന്ധിച്ച് പാര്‍ട്ടി അണികള്‍ക്ക് പോലും സംശയം തീര്‍ന്നിട്ടില്ല. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിയെ എതിര്‍ത്ത് പാര്‍ട്ടി അംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. കുഞ്ഞികൃഷ്ണന് അനുകൂലമായി പാര്‍ട്ടിക്കാര്‍ പ്രകടനം നടത്തിയത് നേതൃത്വത്തെ ഞെട്ടിച്ചു. പയ്യന്നൂരില്‍ ടി.ഐ മധുസൂദനനെ സ്ഥാനാര്‍ഥി ആക്കിയാല്‍ മത്സരിക്കാനാണ് വിമതരുടെ നീക്കം. നഗരസഭാംഗം സി. വൈശാഖിനെ സ്ഥാനാര്‍ഥി ആക്കാനാണ് വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ ആലോചനകള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച് ജയിച്ച ആളാണ് വൈശാഖ്. വി. കുഞ്ഞികൃഷ്ണന്‍ തന്നെ മത്സരിക്കാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. കുഞ്ഞികൃഷ്ണന്‍ തനിച്ചല്ലെന്നും പിന്നില്‍ പയ്യന്നൂരിലെ മുതിര്‍ന്ന നേതാക്കള്‍ ഉണ്ടെന്നുമുള്ള സംശയങ്ങളും പാര്‍ട്ടിക്കുണ്ട്. കുഞ്ഞികൃഷ്ണന്‍ മത്സരിച്ചാല്‍ യുഡിഎഫ് പിന്തുണ നല്‍കുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്.
പ്രതിരോധത്തിലാക്കി ജി. സുധാകരന്‍
സിപിഎമ്മിന്റെ കോട്ടയാണ് ആലപ്പുഴ. ആ കോട്ടയില്‍ തന്നെ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍. സുധാകരനെ പോലെ മുതിര്‍ന്ന നേതാവ് നിയമസഭാ തെരഞ്ഞെടുപ്പ് പോലെ നിര്‍ണായകമായ സമയത്ത് പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുമെന്ന് സാധാരണ പ്രവര്‍ത്തകര്‍ പോലും കരുതിയിരുന്നില്ല. അത്രയേറെ രൂക്ഷമാണ് ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളെന്ന് വ്യക്തമാക്കുന്നതാണ് സുധാകരന്റെ പൊട്ടിത്തെറിയിലൂടെ. നേതൃത്വത്തെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് മുന്‍ മന്ത്രിയും 43 വര്‍ഷം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സുധാകരന്‍ താന്‍ പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള തന്നെ അഞ്ച് വര്‍ഷമായി പാര്‍ട്ടി പൊതു പരിപാടികളിലൊന്നും പങ്കെടുപ്പിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. സുധാകരന്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സിപിഎം ഇത് പരിഗണിക്കുന്നില്ല. ജനറല്‍ സെക്രട്ടറി എം.എ ബേബി വരെ സുധാകരനെ അനുനയിപ്പിക്കാന്‍ രംഗത്തെത്തിയിട്ടും അദ്ദേഹം അടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
വെല്ലുവിളിച്ച് പുറത്തേക്ക് പി.കെ ശശി
ഏറെക്കാലമായുള്ള മറ്റൊരു പുകച്ചിലിനൊടുവിലാണ് ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി.കെ ശശിയെ സിപിഎം പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടിയെ വെല്ലുവിളിച്ച് വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു നടപടി. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് ശശിയുടെ പുറത്തേക്ക് പോക്ക്. ഇമ്പിച്ചി ബാവയും ശിവദാസനേയും പോലുള്ള മഹാന്മാര്‍ ഇരുന്ന കസേരയില്‍ സ്പിരിറ്റ് കച്ചവടക്കാരന്‍ ഇരിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. പാലക്കാട് ജില്ലയിലെ ഡിവൈഎഫ്‌ഐ നേതൃത്വത്തിനെതിരെ അദ്ദേഹം വളരെ ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചു. ജില്ലാ കമ്മിറ്റിയിലെ ചിലര്‍ യുവജനങ്ങള്‍ക്ക് കഞ്ചാവും മദ്യവും നല്‍കുന്നുണ്ടെന്നാണ് ശശി പറഞ്ഞത്. രണ്ടു വര്‍ഷത്തോളമായി സിപിഎമ്മുമായി അകന്നുകഴിയുന്ന പി.കെ ശശി കഴിഞ്ഞ മാസം കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശശി ഒറ്റപ്പാലത്ത് വിമതനായി മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. ഒറ്റപ്പാലത്ത് സിപിഎം വിമത കൂട്ടായ്മ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് ആലോചന. മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലത്തെ യുഡിഎഫ് നേതാക്കളെ പി.കെ ശശി സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സെക്രട്ടറി മത്സരിക്കുന്നില്ലെങ്കില്‍ ഭാര്യ സ്ഥാനാര്‍ഥി
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെ പാര്‍ട്ടി അണികളില്‍ നിന്ന് പോലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പലരും വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എം.വി ഗോവിന്ദന്റെ ഭാര്യ എന്ന നിലയ്ക്കാണ് ശ്യാമളക്ക് സീറ്റ് നല്‍കുന്നതെന്നാണ് വിമര്‍ശകര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മ വിജയസാധ്യതയെ ബാധിക്കുമെന്നും ആരോപണമുണ്ട്. മുമ്പ് ആന്തൂര്‍ നഗരസഭാധ്യക്ഷയായിരിക്കെ അവിടെയുണ്ടായ വിവാദങ്ങളും പ്രവാസിയുടെ ആത്മഹത്യയും പി.കെ ശ്യാമളയുടെ ജയസാധ്യതയെ ബാധിച്ചേക്കുമെന്നും അണികള്‍ പറയുന്നുണ്ട്. സെക്രട്ടറി മത്സരിക്കുന്നില്ലെങ്കില്‍ പകരം ഭാര്യയെ മത്സരിപ്പിക്കുന്ന രീതി സിപിഎമ്മിലില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതെല്ലാം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി. പി.കെ ശ്യാമള തന്നെ മത്സരിക്കുമെന്നുമാണ് സെക്രട്ടറിയേറ്റ് തീരുമാനം.
ഭാര്യയെ മത്സരിപ്പിക്കല്ലേയെന്ന് വീണയുടെ ഭര്‍ത്താവ്
മന്ത്രി വീണ ജോര്‍ജിനെ ഇത്തവണ മത്സരിപ്പിക്കരുതെന്ന് ഭര്‍ത്താവ് ജോര്‍ജ് ജോസഫ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതും സിപിഎമ്മിന് ക്ഷീണമായി. ആറന്മുളയിലെ സിറ്റിങ് സീറ്റില്‍ മൂന്നാമതും വീണ വിജയിക്കുമെന്ന കണക്കുകൂട്ടലിനിടെയായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. ഓര്‍ത്തഡോക്‌സ് സഭ മുന്‍ സെക്രട്ടറി കൂടിയാണ് ഭര്‍ത്താവ് ജോര്‍ജ് എന്നത് ആവശ്യത്തിന് കൂടുതല്‍ രാഷ്ട്രീയ മാനങ്ങള്‍ നല്‍കി. എന്നാല്‍, കണ്ണൂരില്‍ വീണയ്ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങളെ ഓര്‍ത്താണ് ജില്ലാ സെക്രട്ടറിയെ വിളിച്ച് ഇത്തവണ വീണയെ ഒഴിവാക്കി തരണം എന്ന് അഭ്യര്‍ഥിച്ചത് എന്നാണ് ജോര്‍ജ് ജോസഫ് പിന്നീട് വിശദീകരിച്ചത്.
Adjust Story Font
16
