Quantcast

സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ സിപിഎമ്മിന് അതൃപ്തി; താന്‍ പറഞ്ഞത് വളച്ചൊടിച്ചെന്ന് മന്ത്രിയുടെ വിശദീകരണം

ലീഗിൽ മത്സരിച്ച് ജയിച്ചവർ വർഗീയവാദികളാണെന്നാണാ എന്ന ചോദ്യത്തിന് സജി ചെറിയാന്‍ ക്ഷുഭിതനായി

MediaOne Logo

Web Desk

  • Updated:

    2026-01-19 05:54:05.0

Published:

19 Jan 2026 9:41 AM IST

സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ സിപിഎമ്മിന് അതൃപ്തി; താന്‍ പറഞ്ഞത് വളച്ചൊടിച്ചെന്ന് മന്ത്രിയുടെ വിശദീകരണം
X

തിരുവനന്തപുരം: കാസർകോടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ മതിയെന്ന മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിൽ മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എ.കെ ബാലന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനും ഗോവിന്ദൻ മറുപടി നൽകിയില്ല.

ഇരുനേതാക്കളുടെയും പ്രസ്താവനകളിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. പ്രതിപക്ഷത്തിനെതിരായ സമുദായ നേതാക്കളുടെ വിമർശനത്തെ വഴിതിരിച്ചുവിടാൻ സജിയുടെ പരാമർശം ഇടയാക്കി എന്നാണ് വിലയിരുത്തൽ.

മുസ്‍ലിം ലീഗിന്‍റേത് വർഗീയത വളർത്തുന്ന രാഷ്ട്രീയമാണെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം.ഇന്നലെയാണ് സജി ചെറിയാൻ പരാമർശം നടത്തിയത്.വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാൻ മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേരുകൾ നോക്കിയാൽ അറിയാനാകുമെന്നും ഇതാർക്കും മനസിലാവില്ലെന്ന് കരുതരുതെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.

എന്നാല്‍ തന്‍റെ പരാമര്‍ശം വളച്ചൊടിച്ചെന്ന് ഇന്ന് രാവിലെ സജി ചെറിയാന്‍ വിശദീകരിച്ചു. മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റാണെന്നും കോൺഗ്രസിന് രണ്ട് സീറ്റും വർഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റ് കിട്ടിയെന്നും സജി ചെറിയാന്‍ പറഞ്ഞു. ലീഗിൽ നിന്ന് 22 പേർ ജയിച്ചെന്നും അവരുടെ പേരുകൾ വായിക്കാൻ മാത്രമേ താൻ പറഞ്ഞുള്ളൂ.ഈ അവസ്ഥ കേരളത്തിൽ മറ്റൊരിടത്തും വരരുത് എന്നേ താൻ ആഗ്രഹിച്ചുള്ളൂ. കേരളത്തിൽ എല്ലാ വിഷയത്തിലും ന്യൂനപക്ഷത്തോടൊപ്പം ആണ് മുഖ്യമന്ത്രി നിന്നത്. കേരളത്തിലെ മുഖ്യമന്ത്രിയെപ്പോലൊരു മതേതരവാദി ഇന്ത്യയിലുണ്ടോ ? കേരളത്തിൽ ഇടതുപക്ഷത്തിന്റെ കാലത്ത് ഒരിക്കൽ പോലും വർഗീയ കലാപം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'മുസ്‍ലിം വിഭാഗത്തിൽ നിന്ന് മത്സരിച്ച പൊന്നാനിയിലെ ഞങ്ങളുടെ സ്ഥാനാർഥി വരെ തോറ്റു.മതേരത്വം പറയുന്ന ഞങ്ങൾക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റുപോലും കിട്ടിയില്ല. വർഗീയതയോട് സമരസപ്പെട്ടുപോകുന്ന സമീപനം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നടന്നുപോകുന്നു എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്.ഇവിടുത്തെ ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും സമാധാനത്തോടെ ജീവിക്കണം. ആ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുന്ന ഇടപെടൽ ബിജെപിയുടെയോ സംഘ്പരിവാറിന്‍റെയോ ലീഗിന്റേയോ ജമാഅത്തെ ഇസ്‍ലാമിയുടെ ഭാഗത്ത് നിന്നോ വരുന്നത് അപകടമാണെന്നാണ് ഞാൻ പറഞ്ഞത്'. സജി ചെറിയാന്‍ പറഞ്ഞു. മുസ്‌ലിം ലീഗിൽ മത്സരിച്ചു ജയിച്ചവർ വർഗീയവാദികളാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി ക്ഷുഭിതനാകുകയും മൈക്കുകൾ തട്ടിമാറ്റുകയും ചെയ്തു.

അതേസമയം,വിവാദ പരാമർശത്തിൽമന്ത്രി സജി ചെറിയാന് എതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി.യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയേലാണ് പരാതി നൽകിയത്. മന്ത്രിയുടെ പ്രസ്താവന മതവിശ്വാസികൾക്കിടയിൽ സംഘർഷത്തിന് ഇടയാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമമാണെന്ന് പരാതിയിൽ പറയുന്നു. കോൺഗ്രസ്‌ വക്താവ് വി.ആര്‍ അനൂപ് മന്ത്രിക്കെതിരെ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.


TAGS :

Next Story