ബാലന്റെ പ്രസ്താവന അസംബന്ധം, സജി ചെറിയാൻ പറഞ്ഞത് അനാവശ്യം; ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല: പാലോളി മുഹമ്മദ് കുട്ടി
ഒരു കാലത്ത് കേന്ദ്രസർക്കാരിൻ്റെ നയങ്ങളെ എതിർക്കുന്നതിൽ ജമാഅത്തെ ഇസ്‌ലാമിക്കും സിപിഎമ്മിനും ഒരേ നിലപാട് ആയതിനാലാണ് പരസ്പരം സഹകരിച്ചത്.

മലപ്പുറം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന മുൻ മന്ത്രി എ.കെ ബാലൻ്റെ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ബാലന്റെ പ്രസ്താവന അസംബന്ധമാണ്. എ.കെ ബാലൻ മുമ്പ് ലീഗിനെ പുകഴ്ത്തി പറഞ്ഞത് അടക്കമുള്ള പ്രതികരണങ്ങളും അസംബന്ധമാണ്. ജമാഅത്തെ ഇസ്‌ലാമിയെയും ആർഎസ്എസിനെയും സിപിഎം ഒരുപോലെയല്ല കാണുന്നതെന്നും പാലോളി മീഡിയവണിനോട് പറഞ്ഞു.
മാറാട് കലാപത്തിൽ ജമാഅത്തെ ഇസ്‌ലാമി ഉണ്ടായിട്ടില്ലല്ലോ...? സജി ചെറിയാന്റെ പ്രസ്താവന അനാവശ്യമായിരുന്നു. മുസ്‌ലിം ലീഗ് മത്സരിക്കുന്നയിടങ്ങളിൽ അവർ ജയിക്കുന്നത് മുസ്‌ലിംകളുടെ വോട്ട് കൊണ്ട് മാത്രമല്ല, ഹിന്ദുവിന്റെ വോട്ടുമുണ്ട്. ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയത്തെ എതിർക്കുമ്പോഴും അവർ ഇന്ത്യയിൽ ഒരു ശക്തിയേയല്ല. മുസ്‌ലിംകൾ ഉള്ളയിടങ്ങളിൽ അവരിൽ ഒരു വിഭാഗം ആ ആശയം പ്രചരിപ്പിച്ചുനടക്കുന്നുവെന്ന് മാത്രം. മറിച്ച് ആർഎസ്എസ് അങ്ങനെയല്ല. അത് അപകടമാണ്. എല്ലാ ജനവിഭാഗങ്ങൾക്കും അവർ അപകടമാണ്.
ഒരു കാലത്ത് കേന്ദ്രസർക്കാരിൻ്റെ നയങ്ങളെ എതിർക്കുന്നതിൽ ജമാഅത്തെ ഇസ്‌ലാമിക്കും സിപിഎമ്മിനും ഒരേ നിലപാട് ആയതിനാലാണ് പരസ്പരം സഹകരിച്ചത്. അതുകൊണ്ട് സിപിഎം സ്ഥാനാർഥികൾക്ക് അവർ വോട്ട് ചെയ്തു. യുഡിഎഫുമായി സഹകരിച്ച് സിപിഎമ്മിനെതിരെ പ്രവർത്തിക്കുന്നതിനലാണ് സിപിഎം ജമാഅത്തെ ഇസ്‌ലാമിയെ എതിർക്കുന്നതെന്നും പാലോളി മുഹമ്മദ് കുട്ടി വ്യക്തമാക്കി.
Adjust Story Font
16

