Quantcast

സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും പാർട്ടിക്ക് പിഴച്ചു; ചില നേതാക്കൾ സ്വയം വിമർശനം നടത്തേണ്ടി വരും: എം.എ ബേബി

പാർട്ടിക്ക് സംഭവിച്ച തെറ്റുകുറ്റങ്ങൾ മറച്ചുവെക്കാതെ ജനങ്ങൾക്ക് മുന്നിൽ തുറന്നുസമ്മതിക്കുക എന്നതാണ് ഇടതുപക്ഷ രീതിശാസ്ത്രമെന്നും ബേബി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    14 July 2026 4:51 PM IST

സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും പാർട്ടിക്ക് പിഴച്ചു; ചില നേതാക്കൾ സ്വയം വിമർശനം നടത്തേണ്ടി വരും: എം.എ ബേബി
X

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികൾ വിശദമായി വിലയിരുത്തി സിപിഎം. കേന്ദ്ര കമ്മിറ്റി. സംസ്ഥാനത്തെ സ്ഥാനാർഥി നിർണയത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പാർട്ടിക്ക് വീഴ്ചകൾ സംഭവിച്ചതായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രസക്തി എന്തുകൊണ്ട് ജനങ്ങൾക്ക് അനിവാര്യമാണെന്ന് അവരെ പറഞ്ഞു മനസിലാക്കുന്നതിൽ പോരായ്മകളുണ്ടായതാണ് പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പാർട്ടിയിൽ ജനറൽ സെക്രട്ടറി മുതൽ ബ്രാഞ്ച് അംഗം വരെ സ്വയം വിമർശനത്തിന് വിധേയരാകണമെന്നും, തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനായി വിപുലീകൃത സംസ്ഥാന സമിതി യോഗങ്ങൾ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്ക് സംഭവിച്ച തെറ്റുകുറ്റങ്ങൾ മറച്ചുവെക്കാതെ ജനങ്ങൾക്ക് മുന്നിൽ തുറന്നുസമ്മതിക്കുക എന്നതാണ് ഇടതുപക്ഷ രീതിശാസ്ത്രം. സിപിഎമ്മിൽ സ്വയം വിമർശനത്തിന് വിധേയമല്ലാത്തവരായി ആരും തന്നെയില്ല. ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന സാധാരണ അംഗം മുതൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും വരെ തങ്ങളുടെ പ്രവർത്തനങ്ങളിൽ വന്ന പോരായ്മകൾ പരിശോധിക്കേണ്ടതുണ്ടെന്നും ബേബി ചൂണ്ടികാണിച്ചു. മറ്റ് ബുർഷ്വാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി, ഒരു പിഴവ് സംഭവിച്ചാൽ അത് സമയബന്ധിതമായി തിരുത്തി മുന്നോട്ടുപോകാനുള്ള സംഘടനാപരമായ കരുത്ത് സിപിഎമ്മിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെങ്കിലും നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവ് പ്രധാന തിരിച്ചടിയായി മാറിയെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തുന്നു. സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് ചില വീഴ്ചകളും അലംഭാവവും സംഭവിച്ചു. പരമ്പരാഗതമായി പാർട്ടിയുടെ ശക്തമായ കോട്ടകളെന്ന് കരുതപ്പെടുന്ന തളിപ്പറമ്പ്, പയ്യന്നൂർ പോലുള്ള മണ്ഡലങ്ങളിൽ പോലും 'നമ്മുടെ മണ്ഡലമല്ലേ, വലിയ പ്രശ്നമില്ല' എന്ന തരത്തിൽ ഒരു ആത്മവിശ്വാസവും അലംഭാവവും താഴേത്തട്ടിൽ രൂപപ്പെട്ടത് പ്രചാരണത്തിന്റെ തീവ്രത കുറച്ചു.

പൊതുസമൂഹം സിപിഎമ്മിൽ നിന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ നിന്നും ഉയർന്ന ധാർമിക മൂല്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. നേതാക്കളുടെ ബന്ധുക്കൾക്ക് അർഹതയുണ്ടെങ്കിൽ പോലും സ്ഥാനാർഥിത്വം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങൾക്കിടയിലുണ്ടായ വികാരം തിരിച്ചറിയുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റി. പ്രചാരണം നയിച്ച നേതാക്കൾക്കും സ്ഥാനാർഥികളെ തീരുമാനിച്ചവർക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന പ്രസ്ഥാനമാണെന്ന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പാർട്ടിക്ക് വലിയ പോരായ്മയുണ്ടായി. സാധാരണക്കാരുടെ ഉപജീവന പ്രശ്നങ്ങളും ജനപക്ഷ വികസന നയങ്ങളും തെരഞ്ഞെടുപ്പ് ചർച്ചകളിൽ കേന്ദ്രബിന്ദുവാക്കുന്നതിൽ പ്രചാരണ സംവിധാനങ്ങൾ പരാജയപ്പെട്ടു.

ഇതിനുപുറമെ, തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എസ്എൻഡിപി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ ചില വിവാദ പ്രസ്താവനകളോട് ശക്തമായി പ്രതികരിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല എന്നതും വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. മതേതര മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് വർഗീയ-വിഭജന നിലപാടുകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിന് പകരം കാട്ടിയ മൗനവും മൃദുസമീപനവും ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ പോലും ആശയക്കുഴപ്പമുണ്ടാക്കാൻ കാരണമായതായി ബേബി വെളിപ്പെടുത്തി.

TAGS :

Next Story