Quantcast

ഗാന്ധി സ്തൂപം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന വെല്ലുവിളി ഏറ്റെടുക്കുന്നു; കണ്ണൂരിൽ കലാപം ഉണ്ടാക്കാൻ സിപിഎം ശ്രമം: സണ്ണി ജോസഫ് എംഎൽഎ

സിപിഎമ്മിന്റെ ഏത് വലിയ പാർട്ടി ഗ്രാമത്തിലും കോൺഗ്രസ് രാഷ്ട്രപിതാവിന്റെ സ്തൂപം സ്ഥാപിക്കും. സിപിഎം ഇനിയുമത് തകർക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-05-16 16:09:44.0

Published:

16 May 2025 6:25 PM IST

Sunny Joseph elected as new kpcc president
X

കണ്ണൂർ: ആസൂത്രിത ആക്രമണങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും കണ്ണൂരിൽ സിപിഎം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. കോൺഗ്രസ് സ്ഥാപനങ്ങളിലേക്കും നേതാക്കളുടെ വീടുകളിലേക്കും സിപിഎം ഗുണ്ടകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ഇതെല്ലാം സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും ജില്ലാ സെക്രട്ടറിയുടെയും അറിവോടെയും ആശിർവാദത്തോടെയുമാണ്. പൊലീസ് ഇതിനെല്ലാം ഒത്താശ ചെയ്യുകയാണ്. സിപിഎമ്മിന്റെ അക്രമത്തെ കുറിച്ച് മുൻകൂട്ടി അറിവുണ്ടായിട്ടും അത് തടയാൻ പൊലീസ് നടപടിയെടുക്കുന്നില്ല. പൊലീസിനെ നിഷ്‌ക്രിയമാക്കിയാണ് സിപിഎം നാടിന്റെ ക്രമസമാധാനം തകർക്കുന്നത്. സിപിഎം ക്രിമിനലുകളെ നിയന്ത്രിക്കുന്നതിലും അവർക്കെതിരെ നടപടിയെടുക്കുന്നതിലും ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

സിപിഎമ്മിന്റെ ഉദ്ദേശ്യം ജനങ്ങളിൽ ഭീതി പടർത്തി നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുകയാണ്. അതിലൂടെ ഭരണ വിരുദ്ധത ചർച്ച ചെയ്യപ്പെടരുതെന്ന ലക്ഷ്യമാണ്. കോൺഗ്രസ് നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ. ഇർഷാദിന്റെ വീട് കഴിഞ്ഞദിവസം സിപിഎം ക്രിമിനലുകൾ ആക്രമിച്ചു. ഇർഷാദിന്റെ പിതാവിനെ കയ്യേറ്റം ചെയ്യുകയും വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു. പാനൂരിൽ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും കൊടികളും മറ്റും നശിപ്പിച്ചു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി സനീഷിന്റെ വീട്ടുപറമ്പിലെ ഗാന്ധി സ്തൂപം തകർത്തു കൊണ്ടാണ് സിപിഎം അക്രമങ്ങൾ തുടക്കമിട്ടത്. കെ.സുധാകരൻ എംപിയെയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെയും ആക്രമിച്ചു. അതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വ്യാപക അക്രമം സിപിഎം നടത്തി. കൊലവിളിയും ഭീഷണിയും പ്രകോപന പ്രസംഗവുമായി സിപിഎം രംഗം കൂടുതൽ വഷളാക്കുകയാണ്. കുറ്റക്കാർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സണ്ണി ജോസഫ് ആരോപിച്ചു.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി ഗോപിനാഥ് ഗാന്ധി സ്തൂപം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതിലൂടെ രാഷ്ട്രപിതാവിനെയാണ് അപമാനിച്ചത്. സിപിഎമ്മിന്റെ ഗാന്ധി വിരുദ്ധതയുടെ പ്രകടമായ തെളിവാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിന്റെ പ്രസ്താവന. ഗാന്ധി നിന്ദയിൽ ആർഎസ്എസിനെ തോൽപ്പിക്കാനാണ് സിപിഎം മത്സരിക്കുന്നത്.

കൊലപാതകികളുടെയും കൊട്ടേഷൻ സംഘങ്ങളുടെയും പാർട്ടിയായി സിപിഎം മാറി. ഗാന്ധി സ്തൂപം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ വെല്ലുവിളിയെ കോൺഗ്രസ് ഏറ്റെടുക്കുകയാണ്. സിപിഎമ്മിന്റെ ഏത് വലിയ പാർട്ടി ഗ്രാമത്തിലും കോൺഗ്രസ് രാഷ്ട്രപിതാവിന്റെ സ്തൂപം സ്ഥാപിക്കും. സിപിഎം ഇനിയുമത് തകർക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കും. സിപിഎം തകർക്കുന്ന ഓരോ ഗാന്ധി സ്തൂപവും കോൺഗ്രസ് പുനർനിർമിക്കുക തന്നെ ചെയ്യും. സിപിഎമ്മിന്റെ അക്രമത്തിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

TAGS :

Next Story