കെഎസ്‌യു നേതാവിന്റെ വീടിന് ബോംബെറിഞ്ഞ കേസ്: ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് സിപിഎം സ്വീകരണം
ആരോഗ്യ മന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവ് ബിഥുൽ ബാലൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലാണ് ഇവർ അറസ്റ്റിലായത്

കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കെഎസ്‌യു നേതാവ് ബിഥുൽ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികൾക്ക് സിപിഎം പ്രവർത്തകർ സ്വീകരണം നൽകി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ രണ്ട് പ്രതികൾക്കാണ് കോഴിക്കോട് തോടന്നൂരിൽ വെച്ച് സിപിഎം പ്രവർത്തകർ സ്വീകരണം ഒരുക്കിയത്. ഇരുനൂറിലേറെ പേർ പങ്കെടുത്ത പരിപാടിയിൽ ഹാരമണിയിച്ചും മുദ്രാവാക്യം വിളികളോടെയുമാണ് പ്രതികളെ പ്രവർത്തകർ വരവേറ്റത്.
ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തിന് പിന്നാലെയാണ് കെഎസ്‌യു ജില്ലാ സെക്രട്ടറി ബിഥുൽ ബാലന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഫെബ്രുവരി 27ന് പുലർച്ചെ രണ്ടരയോടെ മുഖംമൂടി ധരിച്ചെത്തിയ സംഘം വീടിന് നേരെ ബോംബെറിയുകയായിരുന്നു. സ്ഫോടനത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ബിഥുൽ ബാലന്റെ അച്ഛനും അമ്മയും വീട്ടിലുള്ള സമയത്തായിരുന്നു ഈ ആസൂത്രിത ആക്രമണം നടന്നത്.
സംഭവത്തിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിച്ചത്. ക്രിമിനൽ കേസിലെ പ്രതികളെ പരസ്യമായി സ്വീകരിക്കുന്നത് അക്രമ രാഷ്ട്രീയത്തിന് വളമിടുന്നതാണെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. ബിഥുൽ ബാലന്റെ വീടിന് നേരെയുള്ള ആക്രമണം രാഷ്ട്രീയ പ്രതികാരമാണെന്ന ആരോപണം ശരിവെക്കുന്നതാണ് സിപിഎമ്മിന്റെ ഈ നടപടിയെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
Adjust Story Font
16

