സർക്കാരിനെതിരായ പോരിന് ഗവർണർക്ക് കോടതി ചെലവ് നൽകുന്നത് തടയാൻ സിപിഎം; വിസിക്ക് കത്ത്
സർക്കാരിനെതിരായ തുറന്നപോരിന് സുപ്രിംകോടതിയിൽ നിയമപോരാട്ടം നടത്താനാണ് സർക്കാരിൽ നിന്നുതന്നെ ഗവർണർ പണം ചോദിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ഗവർണർക്ക് സുപ്രിംകോടതിയിലെ ചെലവുകൾക്കായി തുക നൽകുന്നത് തടയാൻ സിപിഎം നീക്കം. സിൻഡിക്കേറ്റ് ചേരാതെ പണം നൽകരുതെന്ന് ആവശ്യപ്പെട്ട് സാങ്കേതിക സർവകലാശാലാ വിസിക്ക് സിൻഡിക്കേറ്റ് അംഗങ്ങളായ സിപിഎം എംഎൽഎമാർ കത്ത് നൽകി. ഐബി സതീഷ്, സച്ചിൻ ദേവ് എന്നിവരാണ് വിസിക്ക് കത്തയച്ചത്. ഇതിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
സർക്കാരിനെതിരായ തുറന്നപോരിന് സുപ്രിംകോടതിയിൽ നിയമപോരാട്ടം നടത്താനാണ് സർക്കാരിൽ നിന്നുതന്നെ ഗവർണർ പണം ചോദിച്ചിരിക്കുന്നത്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വിസിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ഗവർണർ കുറേക്കാലമായി തർക്കത്തിലാണ്.
ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിൽ നൽകിയ ഹരജിക്കുള്ള വക്കീൽ ഫീസ് ഇരു സർവകലാശാലകളും നൽകണമെന്നായിരുന്നു ഗവർണറുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് ഗവർണർ വിസിമാർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിലാണ് സാങ്കേതിക സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗങ്ങളായ എംഎൽഎമാർ വിസിമാർക്ക് കത്ത് നൽകിയിരിക്കുന്നത്.
ഇത്തരം ആവശ്യങ്ങൾക്ക് തുക അനുവദിക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണെന്നും അത് മറികടന്ന് പണം നൽകരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Adjust Story Font
16

