Quantcast

നേതൃമാറ്റമില്ല, പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ ഒഴിവാക്കി; തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

ഈ റിപ്പോർട്ടുമായി കീഴ്ഘടങ്ങളിലേക്ക് വിശദീകരണത്തിന് ചെല്ലാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായമുണ്ടായി

MediaOne Logo

Web Desk

  • Updated:

    2026-06-09 06:57:16

Published:

9 Jun 2026 10:55 AM IST

നേതൃമാറ്റമില്ല, പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ ഒഴിവാക്കി; തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി
X

തിരുവനന്തപുരം: സിപിഎം നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടിമാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരായ വിമർശനങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.

കൂടാതെ, നേതൃത്വത്തിന്റെ വ്യക്തിപരവും നയപരവുമായ വീഴ്ചകൾ തികച്ചും മയപ്പെടുത്തിയാണ് റിപ്പോർട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, വിമർശനങ്ങൾ അപ്പാടെ ഒഴിവാക്കിയുള്ള ഈ റിപ്പോർട്ടുമായി കീഴ്ഘടങ്ങളിലേക്ക് വിശദീകരണത്തിന് ചെല്ലാനാകില്ലെന്നും, റിപ്പോർട്ടിൽ അടിയന്തരമായി തിരുത്തലുകൾ വേണമെന്നും സംസ്ഥാന കമ്മിറ്റിയിൽ കടുത്ത ആവശ്യമുയർന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പ്രധാന കാരണം ഭൂരിപക്ഷ വർഗീയതയോട് സ്വീകരിച്ച മൃദുസമീപനവും സംഘടനാ തലത്തിലുണ്ടായ ഗുരുതര വീഴ്ചകളുമാണെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. സംഘടനാ തലത്തിലും നയപരമായ സമീപനങ്ങളിലും അടിമുടി പാളിച്ചകൾ സംഭവിച്ചതായി യോഗത്തിൽ വിമർശനമുയർന്നു.

ഇതിനുപുറമെ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണനേതൃത്വത്തിന്റെ പെരുമാറ്റവും സംസ്ഥാന സെക്രട്ടറി അടക്കമുള്ള സംഘടനാ നേതാക്കളുടെ ശരീരഭാഷയും വാവിട്ട വാക്കുകളും തിരിച്ചടിയുടെ ആക്കം കൂട്ടിയെന്നതാണ് ഉയർന്നുവന്ന മറ്റൊരു പ്രധാന വിമർശനം. തൊലിപ്പുറത്തുള്ള ചികിത്സകൾ കൊണ്ട് മാത്രം പാർട്ടിയുടെ നിലവിലെ പ്രതിസന്ധി മറികടക്കാനാകില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ, വരുന്ന ഓഗസ്റ്റ് മാസത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ വലിയ തോതിൽ പാർട്ടിക്ക് നഷ്ടപ്പെട്ടുവെന്ന യാഥാർഥ്യം സിപിഎം നേതൃത്വം സമ്മതിക്കുന്നുണ്ട്. ഇതിന് പിന്നിൽ വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾ മാത്രമാണോ, അതോ വർഗീയതയോട് പാർട്ടി നേതാക്കൾ സ്വീകരിച്ച 'അഴകൊഴമ്പൻ' സമീപനവും കാരണമായോ എന്നത് ഗൗരവമായാണ് ചർച്ചചെയ്യപ്പെടുന്നത്.വെള്ളാപ്പള്ളിയോടുള്ള സമീപനം തെറ്റായിരുന്നുവെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോർട്ടിലെ പരാമർശം കൂടുതൽ കടുപ്പിക്കണമെന്നും പാർട്ടിയുടെ വർഗീയ വിരുദ്ധ നിലപാടുകൾ കൂടുതൽ കർശനമാക്കണമെന്നുമാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നുവന്ന പ്രധാന ആവശ്യം.

പാർട്ടിയുടെ ഉറച്ച കോട്ടയായ കണ്ണൂരിലുണ്ടായ വൻ തോൽവി സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയിൽ ചില കുറ്റസമ്മതങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, സ്വന്തം ഭാര്യയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ച വേളയിൽ ഈ യാഥാർഥ്യബോധം അദ്ദേഹത്തിന് എന്തുകൊണ്ട് ഉണ്ടായില്ലെന്ന രൂക്ഷമായ മറുചോദ്യവും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നുണ്ട്.

സംസ്ഥാന കമ്മിറ്റിയിലെ ഈ ചൂടേറിയ ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണും. യോഗത്തിൽ ഉയർന്നുവന്ന രൂക്ഷവിമർശനങ്ങളും പൊതുവികാരവും അദ്ദേഹം അതേപടി മാധ്യമങ്ങളോട് തുറന്നുപറയുമോ, അതോ പതിവുപോലെ ഒഴിഞ്ഞുമാറുമോ എന്നാണ് ഇനി അറിയേണ്ടത്. നേതൃത്വത്തിന്റെ ഈ പുതിയ കണ്ടെത്തലുകൾ വരും ദിവസങ്ങളിൽ കീഴ് ഘടകങ്ങളിൽ വിശദമായി ചർച്ച ചെയ്യപ്പെടും.

TAGS :

Next Story