ഓപ്പറേഷൻ നുംഖോർ: ദുൽഖർ സൽമാന്റെ ഒരു കാർ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്
എറണാകുളം വെണ്ണലയിലെ ബന്ധുവീട്ടിൽ നിന്നാണ് വാഹനം കണ്ടെത്തിയത്.

Photo | MediaOne
കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ ഒരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. നിസാൻ പട്രോൾ വൈ60 കാർ ആണ് പിടിച്ചെടുത്തത്. എറണാകുളം വെണ്ണലയിലെ ബന്ധുവീട്ടിൽ നിന്നാണ് വാഹനം കണ്ടെത്തിയത്.
ചുവന്ന നിറത്തിലുള്ള വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നെന്നാണ് കസ്റ്റംസ് പറയുന്നത്. ഈ വാഹനത്തിന്റെ രജിസ്ട്രേഷൻ വ്യാജമാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. വാഹനത്തിന്‍റെ ഫസ്റ്റ് ഓണറായി കാണിച്ചിരിക്കുന്നത് ഇന്ത്യൻ ആർമി എന്നാണ്. കൂടുതല്‍ രേഖകള്‍ കൂടി പരിശോധിച്ച ശേഷമാകും മറ്റു നടപടികളെന്ന് കസ്റ്റംസ് വ്യക്തമാക്കി.
നേരത്തെ ദുല്‍ഖറിന്‍റെ ഒരു വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ദുൽഖറിന്റെ മൂന്ന് വാഹനങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു. വാഹനം പിടിച്ചെടുത്തതിനെതിരെ ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രേഖകള്‍ പരിശോധിക്കാതെയാണ് നടപടിയെന്ന് കാണിച്ച് സമർപ്പിച്ച ഹരജിയില്‍ കോടതി കസ്റ്റംസിനോട് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും ഇത് വിട്ടുകിട്ടണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചില്ലെന്നും മുൻവിധിയോടെ പെരുമാറിയെന്നും താരം ഹരജിയിൽ ചൂണ്ടിക്കാട്ടി. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വാഹനത്തിന് സാധുവായ ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനുമുണ്ടെന്നും വിശ്വസിച്ചാണ് വാഹനം വാങ്ങിയതെന്നും കൃത്യമായ രേഖകൾ പ്രകാരമാണ് രജിസ്റ്റർ ചെയ്തതെന്നും ഹരജിയിൽ പറയുന്നു.
കഴിഞ്ഞദിവസം ഓപ്പറേഷൻ നുംഖൂറുമായി ബന്ധപ്പെട്ട് ദുൽഖറിന്റേതു കൂടാതെ അമിത് ചക്കാലക്കലിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പൃഥ്വിരാജിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. അമിത് ചക്കാലക്കിനെ രണ്ട് തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു.
മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിയുടെ വാഹനവും കസ്റ്റംസ് പിടിച്ചെടുക്കുകയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, മറ്റുള്ളവരുടെ മൊഴിയും കസ്റ്റംസ് ഉടന്‍ രേഖപ്പെടുത്തും. റെയ്ഡിന് പിന്നാലെ നിരവധി വാഹനങ്ങള്‍ പലരും ഒളിപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇവ കണ്ടെത്താന്‍ പൊലീസിന്റെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്.
Adjust Story Font
16

