Quantcast

അര്‍ധരാത്രിയിലെ അരുംകൊല കുഞ്ഞിന്‍റെ അവകാശത്തെച്ചൊല്ലി; ദമ്പതികളെ വെട്ടിയത് വളർത്തുമകളുടെ ഭർത്താവ്

നാലു വയസുള്ള മകനെയും പ്രതി റാഫി ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-01-19 02:14:13.0

Published:

19 Jan 2026 7:20 AM IST

അര്‍ധരാത്രിയിലെ  അരുംകൊല കുഞ്ഞിന്‍റെ അവകാശത്തെച്ചൊല്ലി; ദമ്പതികളെ വെട്ടിയത് വളർത്തുമകളുടെ ഭർത്താവ്
X

പാലക്കാട്: ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത് വളര്‍ത്തുമകളുടെ ഭര്‍ത്താവ്. കൊലപാതകം നടത്തിയ പൊന്നാനി സ്വദേശി റാഫിയെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിൽ എടുത്തു.തോട്ടക്കര സ്വദേശികളായ നാലകത്ത് നസീർ,ഭാര്യ സുഹറ എന്നിവരാണ് മരിച്ചത്.ഇവരുടെ വളര്‍ത്തുമകളായ സുൽഫിയത്തിന്‍റെ ഭര്‍ത്താവായിരുന്നു റാഫി.ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്.

ഇവരുടെ നാലുവയസുള്ള കുഞ്ഞിനെയും റാഫി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവില്‍ അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ കുഞ്ഞിന്‍റെ അവകാശത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം.സുൽഫിയത്ത് നാല്‌ വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്.നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സമീപത്തെ പള്ളി ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ട റാഫിയെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പിടികൂടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


TAGS :

Next Story