Quantcast

സെനറ്റ് പ്രതിനിധിയെ നിയമിക്കണമെന്ന ആവശ്യം: ഗവർണറെ തള്ളി കേരള സർവകലാശാല

സെർച്ച് കമ്മിറ്റി രൂപീകരിച്ച ചാൻസലറുടെ നടപടി നിയമവിരുദ്ധമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർവ്വകലാശാലയുടെ നടപടി

MediaOne Logo

Web Desk

  • Updated:

    2022-09-26 13:28:38.0

Published:

26 Sep 2022 1:26 PM GMT

സെനറ്റ് പ്രതിനിധിയെ നിയമിക്കണമെന്ന ആവശ്യം: ഗവർണറെ തള്ളി കേരള സർവകലാശാല
X

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം സിൻഡിക്കേറ്റ് തള്ളി. ഇന്നുതന്നെ പ്രതിനിധിയെ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ നൽകിയ കത്ത് സർവകലാശാല അംഗീകരിച്ചില്ല. സെർച്ച് കമ്മിറ്റി രൂപീകരിച്ച ചാൻസലറുടെ നടപടി നിയമവിരുദ്ധമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർവ്വകലാശാലയുടെ നടപടി.

എന്നാൽ ഗവർണർ വി.സി നടപടികളുമായി മുന്നോട്ടു പോകാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്. ഗവർണർ മൂന്ന് തവണയാണ് കേരള സർവകലാശാല സിൻഡിക്കേറ്റിന് കത്ത് നൽകിയത്. കേരള സർവകലാശാല വി.സി മഹാദേവൻ പിള്ളയുടെ കാലാവധി അടുത്ത മാസം 24ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ ഗവർണർ ഓഗസ്റ്റ് അഞ്ചാം തീയതി തന്നെ സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. രണ്ടുപേരെ അദ്ദേഹം തന്നെ നിയോഗിച്ചു. ഒരാളെ കേരള സർവ്വകലാശാല പ്രതിനിധിയായി നൽകണമെന്ന് സെനറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഗവർണറുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് പ്രമേയം പാസാക്കി ഗവർണർക്ക് അയക്കുകയായിരുന്നു.

രണ്ട് ദിവസം മുമ്പ് ഗവർണർ വീണ്ടുമൊരു കത്ത് സർവകലാശാലക്ക് അയച്ചു. 26 ാം തീയതി വരെയാണ് സമയം നൽകിയിരിക്കുന്നത്. അതുകൊണ്ട് വേഗത്തിൽ സെനറ്റ് പ്രതിനിധിയെ അറിയിക്കണം എന്നുള്ളതായിരുന്നു കത്തിലെ ആവശ്യം. എന്നാൽ പഴയ പ്രമേയം വീണ്ടും അയച്ചുകൊടുക്കുകയാണ് സർവകലാശാല ചെയ്തത്. ഇന്ന് രാവിലെ വീണ്ടും ഗവർണർ കത്ത് നൽകി. ഇത് ചെവിക്കൊള്ളാൻ കേരള സർവകലാശാല തയ്യാറായില്ല. വിഷയത്തിൽ കേരള സർവകലാശാലയ്ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നിലവിലെ നിയമപ്രകാരമാണ് ഗവർണർ ഇപ്പോൾ വി.സിയെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയെ രൂപീകരിച്ചത്. പക്ഷേ ആ നിയമം മാറ്റിക്കൊണ്ട് പുതിയൊരു ബില്ല് കേരള നിയമസഭ പാസ്സാക്കി ഗവർണർക്ക് അയച്ചു. ബില്ല് ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല.

സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഗവർണറുടെ തീരുമാനം നിലനിൽക്കുന്നതല്ല എന്ന നിയമോപദേശമാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണറുടെ ആവശ്യം തള്ളിക്കളഞ്ഞ കാര്യം കേരള സർവകലാശാല രാജ്ഭവനെ അറിയിക്കുകയായിരുന്നു. രണ്ടാം തിയതിയാണ് ഗവർണർ സംസ്ഥാനത്ത് തിരികെയെത്തുക. അതിന് മുന്നോടിയായി വി.സി നിയമന നടപടികളുമായി അദ്ദേഹം മുന്നോട്ടു പോകുമോയെന്നാണ് ഇനി അറിയേണ്ടത്. അത്തരത്തിൽ ഗവർണർ മുന്നോട്ടു പോവുകയാണെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചും കേരള സർവകലാശാല ആലോചിക്കുന്നുണ്ട്.

TAGS :

Next Story