Quantcast

ഡോ. വന്ദനദാസ് കൊലക്കേസ്; ശിക്ഷാവിധി ശനിയാഴ്ച

കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക

MediaOne Logo

Web Desk

  • Updated:

    2026-03-19 07:48:30.0

Published:

19 March 2026 1:06 PM IST

ഡോ. വന്ദനദാസ് കൊലക്കേസ്; ശിക്ഷാവിധി ശനിയാഴ്ച
X

കൊല്ലം: ഡോ. വന്ദനദാസ് കൊലക്കേസിൽ മറ്റന്നാൾ വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ശിക്ഷ വാദം പൂർത്തിയായി. പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നും അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. വാദത്തിനിടെ വന്ദനയുടെ അച്ഛനും അമ്മയും കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞു.

ശിക്ഷ വിധിക്കുമ്പോൾ കൊല്ലപ്പെട്ടത് ആരെന്ന് കോടതി പരിഗണിക്കണമെന്നും വന്ദനയുടെ പ്രായം ഉൾപ്പെടെ കണക്കിലെടുക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ചികിത്സയ്ക്ക് വന്ന പ്രതിക്ക് വേണ്ട ചികിത്സ നൽകുകയാണ് വന്ദന ചെയ്‌തത് . സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആളാണ് വന്ദന. നടന്നത് ക്രൂര കൊലപാതകമാണ്. ശരീരത്തിൽ 23 കുത്തുകൾ ഏറ്റു. പ്രതി ചെയ്‌തത് അപൂർവങ്ങളിൽ അപൂർവം ആയിട്ട് കണക്കിലാക്കണമെന്നും ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ഉണ്ടായ ക്രൂര കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി. വാദം കേട്ട് കോടതിക്കുള്ളിലുണ്ടായിരുന്ന വന്ദനയുടെ മാതാപിതാക്കൾ വിതുമ്പി.

2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടർ വന്ദന ദാസിനെ കൊലപെടുത്തിയ കേസിൽ പ്രതി കുടവട്ടൂർ സ്വദേശി സന്ദീപ് കുറ്റക്കാരൻ ആണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, വധശ്രമം, സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമം ഉൾപ്പെടെ പോലീസ് ചുമത്തിയ കുറ്റങ്ങളിൽ എല്ലാം പ്രതി കുറ്റക്കാരൻ എന്നാണ് കോടതിയുടെ കണ്ടെത്തൽ. കരുതികൂട്ടി ചെയ്‌തത് അല്ലെന്നും പെട്ടെന്ന് ഉണ്ടായ മാനസിക പ്രശ്നങ്ങളെ തുടർന്നാണ് അതിക്രമം നടത്തിയത് എന്നുമായിരുന്നു പ്രതിഭാഗം വാദം.

സന്ദീപിന് പ്രശ്നങ്ങൾ ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ട് നേരത്തെ തന്നെ മെഡിക്കൽ ബോർഡ് കോടതിയിൽ ഹാജരാക്കിയിരുന്നു. വിധി കേൾക്കാൻ വന്ദനയുടെ അച്ഛനും അമ്മയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ എത്തിയിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രതാപ് ജി.പടിക്കൽ ആണ് പ്രോസിക്യൂഷൻ വേണ്ടി ഹാജരായത്. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളും ആണ് പ്രതാപ് ജി. പടിക്കൽ കോടതിയിൽ ഹാജരാക്കിയത്.

TAGS :

Next Story