ഗൾഫിലേക്ക് കൊണ്ടുപോകാനായി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്നുപേർ പിടിയിൽ
സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ സ്വദേശികളായ കെ.പി അർഷദ്, കെ.കെ ശ്രീലാൽ, പി. ജിസിൻ എന്നിവരെ അറസ്റ്റ് ചെയ്തു.

കണ്ണൂർ: ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് അച്ചാർ കുപ്പിയിൽ ഒളിപ്പിച്ച നിലയിലുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നാളെ സൗദി അറേബ്യയിലേക്ക് പോകാനിരുന്ന മിഥിലാജിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് ജിസിൻ അച്ചാർ കുപ്പി ഏൽപ്പിച്ചത്. മിഥിലാജിന്റെ കൂടെ ജോലി ചെയ്യുന്നയാൾക്ക് കൊടുക്കാനാണ് പറഞ്ഞിരുന്നത്. അച്ചാർ കുപ്പിക്ക് സീൽ ഇല്ലാത്തത് കണ്ട് സംശയം തോന്നിയ വീട്ടുകാർ അച്ചാർ മറ്റൊരു കുപ്പിയിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിൽ ലഹരിമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചത്. 2.6 ഗ്രാം ആണ് തൂക്കമുണ്ടായിരുന്നത്. 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ സ്വദേശികളായ കെ.പി അർഷദ്, കെ.കെ ശ്രീലാൽ, പി. ജിസിൻ എന്നിവരെ അറസ്റ്റ് ചെയ്തു.
Adjust Story Font
16

