ഫേസ്ബുക്കിൽ കമന്റിട്ടത് യുവാവിന് ക്രൂരമർദനം; ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കീഴടങ്ങി
രാകേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടതിനാണ് വാണിയംകുളം സ്വദേശി വിനേഷിനെ ക്രൂരമായി മർദിച്ചത്

പാലക്കാട്: ഫേസ്ബുക്കിൽ കമന്റിട്ടതിന് യുവാവിനെ മർദിച്ച സംഭവത്തില്‍ ബ്ലോക്ക് സെക്രട്ടറി കീഴടങ്ങി. ഡിവൈഎഫ്‌ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷാണ് കീഴടങ്ങിയത്. ഷൊർണൂർ ഡിവൈ എസ്പി ഓഫീസിൽ എത്തിയാണ് രാകേഷ് കീഴടങ്ങിയത്. രാകേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടതിനാണ് വാണിയംകുളം സ്വദേശി വിനേഷ് എന്ന യുവാവിനെ ക്രൂരമായി മർദിച്ചത്. രാകേഷിൻ്റെ നിർദ്ദേശ പ്രകാരമാണ് മർദനം നടന്നത്.
രാകേഷിനെ സിപിഎം മെമ്പർഷിപ്പിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. രാകേഷിന് പുറമെ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസ്, കൂനത്തൂർ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവരെയും സസ്‌പെൻഡ് ചെയ്തിരുന്നു.
ഒക്ടോബർ എട്ടിന് വൈകിട്ടാണ് പാലക്കാട് വാണിയംകുളം പനയൂർ സ്വദേശി വിനേഷിനെ ഡിവൈഎഫ്‌ഐയുടെ നേതാക്കൾ ചേർന്ന് ക്രൂരമായി ആക്രമിച്ചത്. ഡിവൈഎഫ്‌ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് കമന്റിട്ടതിനായിരുന്നു മർദനത്തിന് കാരണം.
തലയ്ക്ക് സാരമായി പരിക്കേറ്റ വിനേഷ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.വിനേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിനേഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.സംഭാഷണത്തിൽ അൽപം കൂടി വ്യക്തത വന്നാൽ വീണ്ടും മൊഴി എടുക്കും. അന്വേഷണ സംഘത്തിൻ്റെ ഇതുവരെയുള്ള കണ്ടെത്തലുകൾ ശരിവെക്കുന്നതാണ് മൊഴിയെന്നാണ് സൂചന.
Adjust Story Font
16

