വധശ്രമക്കേസ് പ്രതിക്ക് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗത്വം
ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സി. രാകേഷിനെയാണ് പുതിയ ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് ഉൾപ്പെടുത്തിയത്

പാലക്കാട്: ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റി അംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സി. രാകേഷിനെയാണ് പുതിയ ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് ഉൾപ്പെടുത്തിയത്. ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റി അംഗമായ വിനേഷിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് രാകേഷ്.
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. വിനേഷ്, അന്നത്തെ മേഖല സെക്രട്ടറിയായിരുന്ന രാകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ഇട്ടിരുന്നു. ഇതിൽ പ്രകോപിതനായ രാകേഷ് കല്ലുകൊണ്ട് വിനേഷിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ വിനേഷ് മാസങ്ങളോളം ഐസിയുവിൽ ചികിത്സയിലായിരുന്നു.
സംഭവത്തെ തുടർന്ന് രാകേഷിനെ സിപിഎം അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നുവെങ്കിലും ഡിവൈഎഫ്ഐ ഭാരവാഹിത്വത്തിൽ നിന്ന് മാറ്റിയിരുന്നില്ല. ഇപ്പോൾ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലാണ് രാകേഷിന് കൂടുതൽ ഉന്നതമായ പദവി നൽകി ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തത്. ക്രിമിനൽ കേസ് പ്രതിയെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിൽ ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്കിൽ നിന്നുള്ള ചില അംഗങ്ങൾക്കിടയിൽ തന്നെയും കടുത്ത അമർഷവും പ്രതിഷേധവുമുണ്ട്.
Adjust Story Font
16

