നജീബ് കാന്തപുരം എംഎൽഎക്കെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ
സിഎസ്ആർ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിലെ നജീബിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിലാണ് അധിക്ഷേപ മുദ്രവാക്യം

പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎൽഎക്കെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ. സിഎസ്ആര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിലെ നജീബിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിലാണ് അധിക്ഷേപ മുദ്രവാക്യം. നജീബ് കാന്തപുരത്തിന്റെ ഉയരത്തെ പരിഹസിച്ചുള്ള മുദ്രാവാക്യമാണ് ഡിവൈഎഫ്ഐ വിളിച്ചത്.
അതേസമയം മാർച്ച് പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പി സരിനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
അനന്തു കൃഷ്ണൻ നടത്തിയ സമാന തട്ടിപ്പ് നജീബ് കാന്തപുരം നടത്തിയെന്നും മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മറയാണെന്നും സരിന്‍ ആരോപിച്ചു.
'പാതിവില തട്ടിപ്പിന് മുദ്ര ഫൗണ്ടേഷന്റെ പേരിൽ രസീത് അടിച്ചുനൽകി. 20,000 രൂപ വാങ്ങേണ്ട ലാപ്ടോപിന് നജീബ് കാന്തപുരം 21,000 മുതൽ 27,000 രൂപ വരെ വാങ്ങിയെന്നും സരിന്‍ ആരോപിച്ചു. മുദ്ര ഫൗണ്ടേഷന്റെ മൂന്ന് കൊല്ലത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് കാണാതെ ഡിവൈഎഫ്ഐ സമരം അവസാനിപ്പിക്കില്ലെന്നും സരിന്‍ വ്യക്തമാക്കി.
സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ പി സരിൻ കഴിഞ്ഞ ദിവസവും രംഗത്ത് എത്തിയിരുന്നു. തട്ടിപ്പില്‍ നജീബ് കാന്തപുരത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് സരിൻ ആവശ്യപ്പെട്ടിരുന്നു. നജീബ് നേതൃത്വം നൽകുന്ന മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് തട്ടിപ്പിൽ പങ്കുണ്ട്. ഈ സംഘടനയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. നജീബിൻ്റെ പങ്ക് ഇതിലൂടെ വ്യക്തമാണെന്നുമായിരുന്നു സരിൻ ആരോപിച്ചിരുന്നത്.
Watch Video
Adjust Story Font
16