രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ ; മറ്റന്നാളത്തെ ഉദ്ഘാടനത്തിന് ക്ഷണിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
പിരായിരി പഞ്ചായത്തിലെ റോഡ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് രാഹുൽ മാങ്കൂട്ടത്തലിന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. പിരായിരി പഞ്ചായത്തിലെ റോഡ് ഉദ്ഘാടനത്തിന് എത്തിയ രാഹുൽ മാങ്കൂട്ടത്തലിന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞു. ലൈംഗികാരോപണം ഉയർന്നതിന് ശേഷം മുൻ കൂട്ടി പ്രഖ്യാപിച്ച ശേഷമുള്ള രാഹുലിന്റെ ആദ്യത്തെ പൊതു പരിപാടിയായിരുന്നു പിരായിരി പഞ്ചായത്തിലെ റോഡ് ഉദ്ഘാടനം.
പരിപാടിക്ക് എത്തിയാൽ എംഎൽഎയെ തടയുമെന്ന് ഡിവൈഎഫ്‌ഐയും ബിജെപിയും പ്രഖ്യാപിച്ചിരുന്നു. ഉദ്ഘാടനം നടക്കുന്നതിന് നൂറുമീറ്റർ ദൂരത്ത് വെച്ചാണ് രാഹുലിന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. 15 മിനിട്ട് നേരം പ്രവർത്തകർ രാഹുലിന്റെ വാഹനം തടഞ്ഞു. പൊലീസിനെ മറികടന്ന് എത്തിയ പ്രവർത്തകരാണ് എംഎൽഎയുടെ വാഹനം തടഞ്ഞത്. യുഡിഎഫ് പ്രവർത്തകരും സംഘടിച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. ഡിവൈഎഫ്‌ഐ പ്രവർത്തകർ വാഹനത്തിന്റെ ബോണറ്റിന് മുകളിൽ കയറി കരിങ്കൊടിയും ഡിവൈഎഫ്‌ഐ പതാകയും വീശി. അതിനിടെ യുഡിഎഫ് പ്രവർത്തകർക്കൊപ്പം വാഹനത്തിൽ നിന്ന് ഇറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു.
വികസനത്തിനായി പാലക്കാട്ടുകാർക്ക് സംസ്ഥാന സർക്കാർ പണം നൽകുന്നില്ലെന്നും പിരായിരി എന്ന് കേൾക്കുമ്പോൾ ചിലർക്ക് ഭ്രാന്തവുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ റോഡ് ഉദ്ഘാടനത്തിനിടെ പറഞ്ഞു. മറ്റന്നാളും വിവിധ പരിപാടികൾ ഉണ്ട്. ഇന്ന് വന്ന എല്ലാവരും അവിടേക്കും വരണമെന്ന് പറഞ്ഞാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രസംഗം അവസാനിപ്പിച്ചത്.
Adjust Story Font
16

