സംസ്ഥാനത്ത് എബോള ആശങ്കയൊഴിഞ്ഞു; ഷിഗെല്ല നിയന്ത്രണവിധേയം: ആരോഗ്യമന്ത്രി കെ. മുരളീധരൻ
പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് തൈക്കാട് ചേർന്ന ഉന്നതതല യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എബോള ആശങ്കയൊഴിഞ്ഞതായും നിരീക്ഷണത്തിലായിരുന്ന രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവായെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഷിഗെല്ല രോഗവ്യാപനം നിലവിൽ പൂർണമായും നിയന്ത്രണവിധേയമാണെന്നും പുതിയ മരണങ്ങൾ എങ്ങും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തൈക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത ഉന്നതതല സമിതി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്ത് എബോള ലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്ന ആളുടെ സ്രവപരിശോധനാ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ലഭ്യമായത്. രാത്രി 10.30ഓടെ ലഭിച്ച പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് ഹോം ക്വാറന്റൈനിലേക്ക് അയച്ചു . സാധാരണഗതിയിൽ 21 ദിവസമാണ് എബോള ക്വാറന്റൈൻ കാലയളവ്. എന്നാൽ ഇദ്ദേഹത്തിന് നിലവിൽ യാതൊരുവിധ രോഗലക്ഷണങ്ങളുമില്ലാത്ത സാഹചര്യത്തിൽ ക്വാറന്റൈൻ എത്ര ദിവസം വേണമെന്ന് മെഡിക്കൽ ബോർഡ് പരിശോധിച്ചു തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വർധിക്കുന്നുണ്ടെന്ന ആശങ്കകൾക്കിടെ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മന്ത്രി അറിയിച്ചു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലുണ്ടായ ചില വീഴ്ചകളാണ് പെട്ടെന്നുള്ള രോഗവ്യാപനത്തിന് കാരണമായത്. എന്നാൽ സർക്കാർ തലത്തിൽ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ഹൈ പവർ കമ്മിറ്റിയുടെ ആദ്യ യോഗം മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ തൈക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ആരംഭിച്ചു. പകർച്ചവ്യാധികളെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നത് സംബന്ധിച്ചുള്ള സമിതിയുടെ ശിപാർശകൾ ഇന്ന് തന്നെ സർക്കാരിന് സമർപ്പിക്കും. ഈ ശുപാർശകൾ കൃത്യമായി പരിശോധിച്ച് താഴേത്തട്ടിൽ ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം നോക്കാൻ ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 2025ലെ ശബരിമല സ്വർണം പൂശലുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിലും മന്ത്രി പ്രതികരണം നടത്തി. സംഭവത്തിൽ അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതിയിൽ കുറ്റപത്രം ഔദ്യോഗികമായി സമർപ്പിച്ചതിനു ശേഷം മാത്രമേ ഇതിൽ തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കുകയുള്ളൂ എന്നും കെ. മുരളീധരൻ അറിയിച്ചു.
Adjust Story Font
16

