Quantcast

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഏഴ് പ്രതികള്‍ക്ക് ജാമ്യം

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം ഗൗരവതരമെന്നും കോടതി

MediaOne Logo

Web Desk

  • Updated:

    2026-08-03 07:18:53

Published:

3 Aug 2026 11:23 AM IST

kerala highcourt
X

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്കുമേല്‍ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അതേസമയം ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം ഗൗരവതരമെന്നും കോടതി പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ലെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

നിലവില്‍ കേസിലെ ഏഴ് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിലെ അന്വേഷണം ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ കണ്‍ടോണ്‍മെന്റ് എസിക്ക് മുമ്പാകെ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. പ്രതികള്‍ 67 ദിവസമായി ജയിലിലാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇഡിയുടെ വാദം. ആക്രമണത്തിന് പിന്നില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ടെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് മുന്നൂറോളം പേര്‍ അക്രമം നടത്തിയതെന്നും ഇഡി വാദിച്ചു.

സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ഇഡി ചൂണ്ടിക്കാട്ടി. ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലും കോടതിയില്‍ ഹാജരായി.

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റെയ്ഡ് വിവരമറിഞ്ഞ് പ്രതിഷേധവുമായി സ്ഥലത്തെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും അവരെ കൈയേറ്റം ചെയ്തെന്നുമാണ് ആരോപണം.

തുടര്‍ന്നാണ് പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി ബിനു അടക്കമുള്ളവര്‍ക്കെതിരെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പൊലീസ് കേസെടുത്തത്. കേസില്‍ ആകെ 25 പ്രതികളാണുള്ളത്. നേരത്തെ ഒരാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കിയുള്ള പ്രതികളും ഉടന്‍ തന്നെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും.

TAGS :

Next Story