Quantcast

തൃശൂരിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ വീണ്ടും പാമ്പ്

നാലാമത്തെ പാമ്പിനെയാണ് വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2026-04-23 15:20:00.0

Published:

23 April 2026 8:40 PM IST

തൃശൂരിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ വീണ്ടും പാമ്പ്
X

തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരന്‍റെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടത്. കുട്ടി മരിച്ച ശേഷം നാലാം തവണയാണ് വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടുന്നത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ആണ് കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു. കഴിഞ്ഞദിവസവും ശംഖുവരയൻ പാമ്പിനെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.

ഉറക്കത്തിനിടെയാണ് എട്ടുവയസുകാരനായ ആൽജോ പാമ്പ് കടിയേറ്റ് മരിച്ചത്. അല്‍ജോയുടെ സഹോദരന്‍ അനോഷിനും പാമ്പ് കടിയേറ്റിരുന്നു. അനോഷിന്‍റെ ആരോഗ്യനിലയിൽ ശുഭകരമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പ്രതികരിച്ചു. കുട്ടിയെ നിലവിൽ വെന്‍റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. പിന്നാലെ, അനോഷ് മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു. കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം, തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി രണ്ട് പേർക്ക് പാമ്പ്കടിയേറ്റു. പോത്തൻകോട് വേങ്ങോട് സ്വദേശി ദുർഗ്ഗക്കാണ് പാമ്പ് കടിയേറ്റത്. വർക്കലയിൽ ആശാ വർക്കർക്കും കടിയേറ്റു. വീടിന്റെ അടുക്കളഭാഗത്ത് നിന്നാണ് ആശാ വർക്കർ ഷംനക്ക് പാമ്പ് കടിയേറ്റത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

പാമ്പ് കടിയേറ്റ് രോഗി എത്തിയാൽ ഉടൻ പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക് വെനം ലഭ്യമാണ്. വീടിനുള്ളിൽ വച്ച് പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറയുന്നു.

ചൂട് അധികമായത് കാരണം ഇഴ ജന്തുക്കള്‍ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണ്. അതിനാല്‍ വീടും സ്ഥാപനങ്ങളും പരിസരങ്ങളും പാമ്പുകള്‍ക്ക് കയറിയിരിക്കാനുള്ള അവസരമൊരുക്കാതെ ശ്രദ്ധ വേണം. ഇതിന്റെ ഭാഗമായി കാടും പടര്‍പ്പും കേറാതേയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്റോ മറ്റോ ഇട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്റി സ്‌നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്നും വീട്ടിനുള്ളില്‍ പാമ്പ് കടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story