Quantcast

വിവാദ വിനോദയാത്ര: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ തിരികെ ജോലിക്കെത്തി

വിനോദയാത്ര വിവാദമായെങ്കിലും അത് പകുതിവച്ച് വച്ച് അവസാനിപ്പിച്ച് തിരികെയെത്താൻ ഇവർ തയാറായിരുന്നില്ല.

MediaOne Logo

Web Desk

  • Published:

    13 Feb 2023 5:24 AM GMT

വിവാദ വിനോദയാത്ര: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ തിരികെ ജോലിക്കെത്തി
X

പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസിൽ നിന്ന് കൂട്ട അവധിയെടുത്ത് വിനോദയാത്രക്ക് പോയ ജീവനക്കാർ ഓഫീസിൽ ജോലിക്കെത്തി. വിവാദങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാർ മൊഴി നൽകുമെന്നാണ് സൂചന. പ്രതിഷേധങ്ങൾക്കുളള സാധ്യത കണക്കിലെടുത്ത് താലൂക്ക് ഓഫീസിനുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

അവധിയെടുത്തുള്ള വിനോദയാത്ര വിവാദമായെങ്കിലും അത് പകുതിവച്ച് വച്ച് അവസാനിപ്പിച്ച് തിരികെയെത്താൻ ഇവർ തയാറായിരുന്നില്ല. എന്നാൽ‍ അവധിയെടുത്തതിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും അർഹതപ്പെട്ട അവധിയാണ് എടുത്തതെന്നും എൻ.ജി.ഒ അസോസിയേഷൻ പ്രതികരിച്ചു. അതേസമയം, വിനോദയാത്ര പോയ ജീവനക്കാർ ആരും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.

ജീവനക്കാർക്കെതിര ഇനിയെന്ത് നടപടിയുണ്ടാവുമെന്നാണ് അറിയാനുള്ളത്. ഒരു വശത്ത് എ.ഡി.എം അന്വേഷണം നടത്തുമ്പോൾ അടുത്ത ദിവസം ജില്ലാ കലക്ടർ ലാൻഡ് റെവന്യൂ കമ്മീഷണർക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകും. ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നാണ് വിവരം.

വെള്ളിയാഴ്ച പുലർച്ചെയാണ് ഓഫീസിൽ നിന്നും അവധിയെടുത്ത് ജീവനക്കാർ മൂന്നാറിലേക്ക് വിനോദയാത്ര പോയത്. കൂട്ട അവധിയെ തുടർന്ന് താലൂക്ക് ഓഫീസിൽ എത്തിയ നിരവധി പേർ ബുദ്ധിമുട്ടിയിരുന്നു. ഇത് സംബന്ധിച്ച പരാതികളെ തുടർന്ന് കോന്നി എം.എൽ.എ കെ.യു ജെനീഷ് കുമാർ താലൂക്ക് ഓഫീസിൽ സന്ദർശനം നടത്തിയതോടെയാണ് സംഭവം വിവാദമായത്.

ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ അവധി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story