Quantcast

ഒരു പെൺകുട്ടിയെ ജീവിക്കാൻ നിങ്ങൾ സമ്മതിക്കില്ലേ? എത്രകാലമായി വേട്ടയാടാൻ തുടങ്ങിയിട്ട്: ഇ.പി ജയരാജൻ

"ഒരു പെൺകുട്ടിയെയാണ് വേട്ടയാടുന്നത്. എന്താ അവർ ചെയ്ത തെറ്റ്?"

MediaOne Logo

Web Desk

  • Published:

    19 Jan 2024 11:07 AM GMT

ep jayarajan
X

കണ്ണൂർ: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ട് അസംബന്ധമാണെന്നും ഇപ്പോൾ നടക്കുന്നത് ഒരു പെൺകുട്ടിക്കു നേരെയുള്ള വേട്ടയാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്ക് ജനം മറുപടി നൽകുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

'ഒരു പെൺകുട്ടിയെ ജീവിക്കാൻ നിങ്ങൾ സമ്മതിക്കില്ലേ? നിങ്ങൾ എത്ര കാലമായി വേട്ടയാടാൻ തുടങ്ങിയിട്ട്. ഇവിടെ ആരൊക്കെ വ്യാപാരങ്ങളും കച്ചവടവും നടത്തുന്നുണ്ട്. എത്ര സ്ത്രീകൾ വ്യാപാരം നടത്തുന്നുണ്ട്. ഐടി മേഖലയിൽ എത്ര സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. ഇതൊരു പെൺകുട്ടി ഐടി മേഖലയിൽ പ്രഗത്ഭയാണ്. അവർ ഒരു സംരംഭം ആരംഭിക്കുന്നു. അതു നടത്തി ജീവിക്കാൻ സമ്മതിക്കില്ല എന്നാണോ? ഒരു പെൺകുട്ടിയെയാണ് വേട്ടയാടുന്നത്. എന്താ അവർ ചെയ്ത തെറ്റ്? തെറ്റുണ്ടെങ്കിൽ കണ്ടുപടിക്കട്ടെ. നടപടി സ്വീകരിക്കട്ടെ. ആർഒസി റിപ്പോർട്ട് കോടതിയുടെ വിധിയൊന്നുമല്ല.' - ജയരാജൻ പറഞ്ഞു.

മകളെ കരുവാക്കി മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ആർഒസി -രജിസ്ട്രാർ ഓഫ് കമ്പനീസ്- പറയുന്നതെല്ലാം സത്യമാകണമെന്നുണ്ടോ? സഹകരണ സംഘത്തിൽനിന്ന് ഒരു ലോണെടുത്ത് കൊടുത്തില്ലെങ്കിൽ അതിന് മുഖ്യമന്ത്രി ഉത്തരവാദിയാകുമോ? സഹകരണ സംഘം മുഖ്യമന്ത്രിക്ക് കീഴിലല്ലേ? അദ്ദേഹത്തെ ഒരുതരത്തിലും ആക്ഷേപിക്കാൻ കഴിയാതെ വന്നപ്പോൾ കണ്ടുപിടിച്ച ഒരു വിദ്യയാണിത്.'- അദ്ദേഹം പറഞ്ഞു.

വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിൽ ദുരൂഹതയുണ്ട് എന്നാണ് രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) റിപ്പോർട്ട്. ഇടപാട് വിവരം സിഎംആർഎൽ മറച്ചുവച്ചെന്നും വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പനി മരവിപ്പിക്കാനായി എക്‌സാലോജിക് നൽകിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളാണ് നൽകിയിട്ടുള്ളത് എന്നും റിപ്പോർട്ടിലുണ്ട്.



TAGS :

Next Story